തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ ഇന്നു മുതൽ സ്വീകരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ അതത് വരണാധികാരികൾ ഇതു പരസ്യപ്പെടുത്തും. തുടർന്നാണ് പത്രിക സ്വീകരിച്ചുതുടങ്ങുന്നത്. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പത്രിക സ്വീകരണത്തിന്റെ നടപടിക്രമങ്ങൾ.19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രികകൾ സ്വീകരിക്കും.പത്രികാ സമർപ്പണത്തിനെത്തുന്ന സ്ഥാനാർത്ഥിയടക്കം മൂന്നു പേരെ മാത്രമേ വരണാധികാരിയുടെ ഓഫീസിലേക്കു പ്രവേശിപ്പിക്കൂ എന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.
നോമിനേഷൻ ഹാളിൽ പ്രവേശിക്കുന്നതിനു മുൻപ് നിർബന്ധമായും കൈ സോപ്പ് ഉപയോഗിച്ചു കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം
വരുന്നവർക്ക് മാസ്‌ക് നിർബന്ധം
ഒരു സമയം ഒരു സ്ഥാനാർത്ഥിയെ മാത്രമേ പത്രിക സമർപ്പിക്കുന്ന ഹാളിലേക്കു പ്രവേശിപ്പിക്കൂ
നോമിനേഷൻ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ
ആൾക്കൂട്ടമോ വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല
കണ്ടെയ്ൻമെന്റ് സോണിലുള്ളവരോ ക്വാറന്റൈനിൽ കഴിയുന്നവരോ ആണെങ്കിൽ റിട്ടേണിംഗ് ഓഫീസറെ മുൻകൂട്ടി അറിയിക്കണം
സ്ഥാനാർത്ഥി കൊവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദ്ദേശ പത്രിക സമർപ്പിക്കാം
തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർത്ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം.തുടർന്നു സത്യപ്രതിജ്ഞാ രേഖ റിട്ടേണിംഗ് ഓഫീസർക്കു ഹാജരാക്കണം
പത്രികകൾ സ്വീകരിക്കുന്ന വരണാധികാരികൾക്കും കൊവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്
റിട്ടേണിംഗ് ഓഫീസർമാർ നിർബന്ധമായും മാസ്‌ക്,കൈയുറ, ഫേസ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം. ഓരോ നോമിനേഷനും സ്വീകരിച്ച ശേഷം സാനിറ്റൈസർ ഉപയോഗിക്കണം.
ഉദ്യോഗസ്ഥർക്ക് പരിശീലനം
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന ബ്ലോക്ക്തല റിസോഴ്സസ് പേഴ്സൺമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ 45 ഉദ്യോഗസ്ഥർ പങ്കെടുത്തു.