krishi

മാള: കൃഷി ഓഫീസർമാർക്ക് കൊവിഡ് ഡ്യൂട്ടി നൽകിയതോടെ കർഷകർ ആശങ്കയിലായി. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃഷി ഓഫീസർമാർ കൃഷിഭവനുകളിൽ ജോലിക്കെത്താതെ ലഭിക്കില്ലെന്ന ആശങ്കകളാണ് കർഷകർക്കുള്ളത്. പല കൃഷി ഓഫീസർമാർക്കും മറ്റു സ്ഥലങ്ങളിലാണ് ചുമതല നൽകിയിട്ടുള്ളത്.സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ചുമതലയാണ് മറ്റു സ്ഥലങ്ങളിൽ നൽകിയിട്ടുള്ളത്. കൃഷിയിറക്കുന്ന അവസരത്തിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾക്ക് തടസം നേരിടുമെന്നാണ് കർഷകരുടെ ആക്ഷേപം. ഇപ്പോൾ നടക്കുന്ന മുണ്ടകൻ കൃഷിയുടെയും നെല്ലുസംഭരണത്തിന്റെയും വരാനിരിക്കുന്ന പുഞ്ചയുടെയും ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കണമെങ്കിൽ ഓൺലൈൻ വെരിഫിക്കേഷൻ കൃഷി ഓഫീസർ നടത്തേണ്ടതുണ്ട്. കൃഷി ഓഫീസർ കൃത്യമായി ഇല്ലാതാകുന്നതോടെ കർഷകർ കൂടുതൽ തവണ കൃഷിഭവനിൽ കയറിയിറങ്ങേണ്ടിവരുമെന്നാണ് ആശങ്ക. സംസ്ഥാനത്താകെ ഇത്തരത്തിൽ കൃഷി ഓഫീസർമാരെ വ്യാപകമായി മറ്റു ഇടങ്ങളിലേക്ക് കൊവിഡ് ചുമതലകൾക്കായി മാറ്റിയിരിക്കുകയാണ്.

കൃഷി സംബന്ധിച്ച പഞ്ചായത്തുകളിലെ നിർവ്വഹണ ചുമതലകളും അവതാളത്തിലാകുമെന്ന് കൃഷി ഓഫീസർമാർക്ക് തന്നെ ആശങ്കയുണ്ട്. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമായാൽ വലിയ പ്രതിസന്ധി ഉണ്ടാകും.

'കേരളമൊട്ടാകെയുള്ള നെൽകൃഷിയെയും ഭക്ഷ്യ സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ യുക്തമായ നടപടിയെടുക്കണം

ടോം കിരൺ, ചാർളി ലാസർ

കർഷകർ

കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി കൃഷി ഓഫീസർമാരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.

വാക്സറിൻ പെരെപ്പാടൻ

യുവജനതാദൾ ജില്ലാ പ്രസിഡന്റ്