cbi

തിരുവനന്തപുരം: സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന് സ്വപ്ന ഇ.ഡിയോട് സമ്മതിച്ചതോടെ, ലൈഫ് കോഴക്കേസിൽ ഹൈക്കോടതിയുടെ സ്റ്റേ നീങ്ങിയാൽ സി.ബി.ഐക്ക് നിയന്ത്രണങ്ങളില്ലാത്ത അന്വേഷണത്തിനുള്ള പഴുതാകും. ഒക്ടോബർ 13നാണ് അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്.

വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിച്ച ശേഷം യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന വഴി 99,900 രൂപ വിലയുള്ള ഐഫോൺ ശിവശങ്കറിന് നൽകിയതും കോഴയാണെന്നാണ് സി.ബി.ഐ പറയുന്നത്. 4.48 കോടിയുടെ കോഴ ഐ.എ.എസ് ഉദ്യോഗസ്ഥനടക്കം പങ്കുവച്ചെന്ന് സി.ബി.ഐ കോടതിയിൽ നിലപാടെടുത്തേക്കും.

കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് ഉന്നതരുമായി ബന്ധമുണ്ടെന്ന കേരളകൗമുദി റിപ്പോർട്ട് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇന്നലെ ഇ.ഡി കോടതിയിൽ നൽകിയത്. നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നത ഉദ്യോഗസ്ഥർക്കും ജനസേവകർക്കും ഉൾപ്പെടെ വീതംവച്ചതായി സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥൻ കോഴയിടപാടിൽ ഭാഗമായതിനാൽ നിലവിലെ വിദേശസഹായനിയന്ത്രണ ചട്ടലംഘനത്തിനൊപ്പം അഴിമതിവിരുദ്ധ നിയമംകൂടി ചുമത്തി സി.ബി.ഐ എഫ്.ഐ.ആർ ഭേദഗതി ചെയ്യും. സർക്കാ‌രിന്റെ വിജിലൻസ് അന്വേഷണത്തിന് ഇതോടെ പ്രസക്തിയില്ലാതാവും. വിദേശസഹായനിയന്ത്രണ ചട്ടലംഘനം അന്വേഷിക്കാൻ സി.ബി.ഐക്ക് മാത്രമാണ് അധികാരം.

എം.ശിവശങ്കർ ലൈഫ് സി.ഇ.ഒ ആയിരിക്കെ നടത്തിയ വഴിവിട്ട ഇടപാടുകൾ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കറാണെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ്‌ നായരാണ് പ്രാരംഭ ചർച്ചകൾ നടത്തിയതെന്നും സി.ബി.ഐയും കണ്ടെത്തി. കോഴപ്പണം കൈമാറിയ ശേഷം ശിവങ്കറിനെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ കണ്ടിട്ടാണ് നിർമ്മാണ കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി.

ലൈഫിൽ നടന്നത് അധോലോക ഇടപാടുകളാണെന്നും വടക്കാഞ്ചേരി പദ്ധതിയുടെ ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്നുമുള്ള സി.ബി.ഐ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ഇ.ഡിയുടെയും റിപ്പോർട്ട്.

സ്വപ്‌നപദ്ധതി പൊളിച്ച് ശിവശങ്കർ

 ലൈഫിന്റെ രേഖകളെല്ലാം സ്വപ്നയ്ക്ക് ചോർത്തിനൽകി. കരാറുകളിൽ ഒത്തുകളിയും കോഴയിടപാടും നടത്തി

 പ്രളയസഹായം തേടിയുള്ള യു.എ.ഇ യാത്രയും സ്വപ്നയുമൊത്ത് നടത്തിയ മൂന്ന് വിദേശയാത്രകളും ദുരൂഹം

 സന്തോഷ് ഈപ്പനെ ലൈഫ് സി.ഇ.ഒ ജോസിന് പരിചയപ്പെടുത്തി. സഹായം നൽകാൻ ആവശ്യപ്പെട്ടു