തിരുവനന്തപുരം: കൊവിഡ് കാലത്ത് ശബരിമല തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
അസിസ്റ്റന്റ് സർജൻമാർക്കു പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ആരോഗ്യവകുപ്പിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ നിയമിക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഒരാഴ്ച റൊട്ടേഷനിലും മറ്റ് ജീവനക്കാർ 15 ദിവസം റൊട്ടേഷനിലും സേവനമനുഷ്ഠിക്കും.
നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയ്ക്ക് അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നിവിടങ്ങളിൽ വിദഗ്ദ്ധ സംവിധാനങ്ങളോടെ ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് അടിയന്തര ഓപ്പറേഷൻ തീയേറ്ററുമുണ്ടാകും. പത്തനംതിട്ട ജനറൽ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ മികച്ച സൗകര്യമൊരുക്കും. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികൾക്കായി സൗജന്യ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ എമർജൻസി മെഡിക്കൽ സെന്ററുകളും, ഓക്സിജൻ പാർലറുകളും പ്രവർത്തിക്കും.
ഓക്സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുവാനുമുള്ള സംവിധാനവുമുണ്ട്.ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഉണ്ടാകും.
കോട്ടയത്തും പത്തനംതിട്ടയിലും 48 ഗവ., സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തു. പത്തനംതിട്ടയിൽ 21 ഉം, കോട്ടയത്ത് 27ഉം.
കാസ്‌പ് കാർഡുള്ളവർക്ക് എം പാനൽ ചെയ്ത ആശുപത്രികളിൽ സൗജന്യ ചികിത്സ. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം.