pattom-kendriya-vidyalaya

രാജ്യത്തെ മികച്ച സർക്കാർ സ്കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം

തിരുവനന്തപുരം: രാജ്യത്തെ മികച്ച പത്ത് സർക്കാർ സ്കൂളുകളുടെ ലിസ്റ്റിൽ ഒന്നാമതായി പട്ടം കേന്ദ്രീയ വിദ്യാലയം. എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗ് (ഇ.ഡബ്ല്യു.ഐ.എസ്.ആർ) നടത്തിയ സർവേയിലാണിത്.

പട്ടം കെ.വിയെക്കൂടാതെ സംസ്ഥാനത്ത് നിന്ന് രണ്ട് സ്കൂളുകൾ കൂടി പട്ടികയിലുണ്ട്. കോഴിക്കോട് നടക്കാവ് ഗേൾസ് ജി.വി.എച്ച്.എസ്.എസ് (മൂന്നാം റാങ്ക്), കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയ നമ്പർ 2 (റാങ്ക് 6) എന്നിവ. ഇത് നാലാം തവണയാണ് പട്ടം കെ.വി അഭിമാനനേട്ടം സ്വന്തമാക്കുന്നത്. 2015, 2016, 2017 വർഷങ്ങളിലും സർവേയിൽ സ്കൂൾ ഒന്നാമതെത്തിയിരുന്നു. വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷൻ വേൾഡും ,ഡൽഹി ആസ്ഥാനമായ സി ഫോർ ഒപ്പീനിയൻ പോൾ കമ്പനിയും സംയുക്തമായാണ് സർവേ . സ്കൂളിന്റെ അക്കാഡമിക പശ്ചാത്തലം, അദ്ധ്യാപകരുടെ കാര്യക്ഷമത, വിദ്യാർത്ഥികൾക്ക് നൽകുന്ന ശ്രദ്ധ, പാഠ്യേതര പ്രവർത്തനങ്ങൾ, ശുചിത്വം, സാമൂഹിക പ്രതിബദ്ധത, അദ്ധ്യാപകരുടെ ക്ഷേമം, പി.ടി.എ പ്രവർത്തനങ്ങൾ തുടങ്ങിയ 14 കാര്യങ്ങൾ അവലോകനം ചെയ്തു. ഇവയിലെല്ലാം പട്ടം കെ.വി മുന്നിലെത്തി.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് സ്കൂളിനെ ഒന്നാമതെത്തിച്ചതെന്ന് പ്രിൻസിപ്പൽ എസ്. അജയകുമാർ പറഞ്ഞു. 4500 വിദ്യാർത്ഥികളാണ് രണ്ട് ബാച്ചിലായി സ്കൂളിലുള്ളത്. കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ക്ലാസുകളെങ്കിലും ,സാംസ്കാരിക പരിപാടികളടക്കം നടത്തുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.