ആറ്റിങ്ങൽ :ആറ്റിങ്ങൽ നഗരസഭയിൽ 31 വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഓരോ തവണ പ്രചാരണം കഴിയുകയും ചുവരെഴുത്ത് ആരംഭിക്കുകയും ചെയ്തിട്ടും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാർത്ഥികൾക്കായി മാരത്തോൺ ചർച്ചയിലാണ്. അർഹരായ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള കാലതാമസമാണുള്ളതെന്നും രണ്ടു ദിവസം താമസിച്ചാലും കുറ്റമറ്റ സ്ഥാനാർത്ഥി പട്ടികയാവും പുറത്തിറങ്ങുന്നതെന്നുമാണ് ഇരു വിഭാഗത്തിലേയും നേതാക്കൾ പറയുന്നത്.
എൽ.ഡി.എഫിൽ സി.പി.എം, സി.പി.ഐ സംഖ്യമാണ് ആറ്റിങ്ങലിലുള്ളത്. സി.പി.ഐക്ക് 5 സീറ്റാണ് നൽകിയത്. യു.ഡി.എഫിൽ കോൺഗ്രസ്,ആർ.എസ്.പി,മുസ്ലിംലീഗ് എന്നീ കക്ഷികളുണ്ട്. ഇതിൽ ആർ.എസ്.പിക്കും ലീഗിനും ഓരോ സീറ്റി നൽകാനാണ് കോൺഗ്രസ് തീരുമാനം.
എൻ.ഡി.എ സഖ്യത്തിന് ആറ്റിങ്ങലിൽ യാതൊരു പ്രാധാന്യവുമില്ലെന്നും ബി.ജെ.പി ഒറ്റ കക്ഷിയായി 31 വാർഡിലും മത്സരിക്കുമെന്നുമാണ് നേതാക്കൾ പറയുന്നത്. മൃഗീയ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ സി.പി.എം 22 കൗൺസിലർമാരുമായി ആറ്റിങ്ങൽ നഗരസഭയിൽ അധികാരത്തിലെത്തിയത്. കോൺഗ്രസിന് അഞ്ചു കൗൺസിലർമാരും ബി.ജെ.പിക്ക് നാല് കൗൺസിലർമാരും ഉണ്ടായിരുന്നു. ഇക്കുറി വനിതാ സംവരണമുള്ള ആറ്റിങ്ങലിൽ 2010- 2015 ൽ ചെയർപേഴ്സണായിരുന്ന അഡ്വ. എസ്.കുമാരിയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തുടർ ഭരണം ഉറപ്പിക്കാനാണ് ശ്രമം. കുമാരി ചെയർപേഴ്സണായപ്പോൾ മത്സരിച്ച ആറാം വാഡിൽ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.