തിരുവനന്തപുരം: സ്ഥാനാർത്ഥി പുരുഷനാണെങ്കിൽ ഇടിവെട്ട് സിനിമാ നായകനെപ്പോലെയും സ്ത്രീയാണെങ്കിൽ ആർജ്ജവമുള്ള നായികയെപ്പോലെയും അവതരിപ്പിക്കുന്ന പ്രൊഫൈൽ വീഡിയോകൾ പടപടാന്ന് നിർമ്മിക്കുന്ന തരിക്കിലാണ് പി.ആർ. ഏജൻസികളിലെ ടെക്കികൾ !. അണികളെല്ലാം ഈ വീഡിയോകൾ വാട്സ്ആപ്പ് പ്രൊഫൈലാക്കും. അവരുടെ കോൺടാക്ട് ലിസ്റ്റിലുള്ള ഒട്ടുമിക്കവരും ഈ വീഡിയോയിലൂടെ ഒരു പത്തു സെക്കൻഡെങ്കിലും കണ്ണോടിക്കാതിരിക്കില്ല. ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കൊക്കെ ഇട്ട് പരുവപ്പെടുത്തുന്നതിന് പി.ആർ. ഏജൻസി ഈടാക്കുന്ന കുറഞ്ഞ റേറ്റ് രണ്ടായിരം രൂപയാണ്. ഒരു വീഡിയോ കൂടിപ്പോയാൽ രണ്ടുദിവസം, അതുകഴിയുമ്പോൾ പുതിയത് വേറെ ഉണ്ടാക്കണം. ഇതിനിടെ വീഡിയോ എങ്ങാനും വൈറലായാൽ സ്ഥാനാർത്ഥി രക്ഷപ്പെട്ടു. വീഡിയോയുടെ പിഴവുകൊണ്ട് സംഗതി നെഗറ്റീവായാൽ സ്ഥാനാർത്ഥി വിയർക്കും. എന്തായാലും ഇത്തവണ പ്രചാരണം കളർഫുളാക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഇതിനായി പ്രത്യേക കമ്മിറ്റികളെ ഓരോ രാഷ്ട്രീയ പാർട്ടികളും നിയമിച്ചുകഴിഞ്ഞു. കൊവിഡ് കാലത്ത് വീടിനു പുറത്തിറങ്ങിയില്ലെങ്കിലും സ്ഥാനാർത്ഥി കണ്ണിലുടക്കാതെ പോകരുതെന്നാണ് പാർട്ടികളുടെ നയം. കൊവിഡ് മാനദണ്ഡങ്ങൾ കൂടി നിലനിൽക്കുന്നതിനാൽ മുമ്പൊന്നുമില്ലാത്ത ബിഗ് ഡാറ്റാ അനാലിസിസിന് വലിയ പങ്കുള്ള തിരഞ്ഞെടുപ്പാണിത്. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതോടെ സമൂഹ മാദ്ധ്യമങ്ങൾ വഴി വോട്ടർമാരിലെത്താൻ ഒട്ടേറെ വഴികളുണ്ട്. മെസേജുകളുടെ എണ്ണമനുസരിച്ച് ചെലവ് കൂടും. 5000 രൂപ മുതലാണ് ചെലവ്. സ്ഥാനാർത്ഥിയുടെ സമൂഹമാദ്ധ്യമങ്ങളിലെ പേജുകൾ 10 ദിവസത്തേക്ക് നിയന്ത്രിക്കുന്നതിന് 12,000 രൂപയാണ് പല പി.ആർ ഏജൻസികളുടെയും ചാർജ് എന്നാണ് വിവരം. പാക്കേജുകൾക്കനുസരിച്ച് ഇവയിൽ വ്യത്യാസം വരും. സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ പറയുന്ന ചെറിയ ഓഡിയോ സന്ദേശങ്ങൾ നിർമ്മിക്കുന്നതിന് 4000 രൂപ വരെ ചെലവ് വരും. അടിപൊളി പോസ്റ്ററുകൾക്ക് 2500 മുതലാണ് ചെലവ് തുടങ്ങുക. നേരിൽ കണ്ട് വോട്ട് ചോദിക്കുന്നതിനോളം വരില്ലെന്ന സത്യം ഉൾക്കൊള്ളുന്നതോടൊപ്പം സ്‌മാർട്ട് ആകുകയാണ് നമ്മുടെ സ്ഥാനാർത്ഥികൾ.