തിരുവനന്തപുരം: പ്രസവാനന്തരം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിനിക്കും കുഞ്ഞിനും പാലക്കാട് ജില്ലാ ആശുപത്രിയിൽ മൂന്നു മണിക്കൂറോളം ചികിത്സ നിഷേധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തു. 9ന് വൈകിട്ട് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജില്ല ആശുപത്രിയിൽ ആംബുലൻസിൽ എത്തിയ യുവതിക്കും കുഞ്ഞിനും സ്വകാര്യ ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചതായാണ് പരാതി. പൊലീസ് ഇടപെട്ടതിനെ തുടർന്ന് മൂന്നു മണിക്കൂറിനു ശേഷമാണ് ആശുപത്രി അധികൃതർ യുവതിയെ ചികിത്സിക്കാൻ തയ്യാറായത്. സി.എൻ പുരം ചികിത്സാവകാശ സംരക്ഷണ സമിതി ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ കമ്മീഷൻ ചെയർമാൻ കെ. വി മനോജ്കുമാർ കേസെടുക്കാൻ ഉത്തരവിട്ടു.