chennithala

തിരുവനന്തപുരം: കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസാണ് നിയന്ത്രിച്ചതെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തോടെ വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകപ്രവർത്തനങ്ങളുടെ താവളമായി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. സർക്കാരിന്റെ വികസനപദ്ധതികൾ കള്ളക്കടത്ത് സംഘത്തിന് ചോർത്തി നൽകി. ഇനിയും മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങരുത്. പാർട്ടിയുടെ അറിവോടെയാണ് തട്ടിപ്പുകൾ നടക്കുന്നത്. പലതും ഒളിക്കാനുള്ളതുകൊണ്ടാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പരസ്പരം പിന്താങ്ങുന്നത്.

അഴിമതി പിടിക്കപ്പെടുമെന്നായപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ മന്ത്രിസഭയാകെ സമരത്തിന് തെരുവിലിറങ്ങുന്നത് വിരോധാഭാസമാണ്. സ്വപ്നയുടെയും കൂട്ടരുടെയും ദേശവിരുദ്ധപ്രവർത്തനങ്ങൾ ശിവശങ്കറിനറിയാം. ശിവശങ്കറിനും സി.എം. രവീന്ദ്രനും ഇടപാടുകളിലെല്ലാം പങ്കുണ്ട്. അന്വേഷിക്കണമെന്ന് പറഞ്ഞതും തടസപ്പെടുത്തുന്നതും മുഖ്യമന്ത്രി തന്നെയാണെന്ന് ചെന്നിത്തല ആരോപിച്ചു.

 ഐ.ടി അറ്റ് സ്‌കൂളിലും സ്വർണ ലോബി

ഐ.ടി അറ്റ് സ്‌കൂൾ പദ്ധതിയിലും സ്വർണക്കടത്ത് ലോബിയുടെ പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. കാലാവധി തീർന്ന ഉപകരണങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്‌തത്. പദ്ധതിയുമായി ബന്ധപ്പെട്ട് താനുന്നയിച്ച ആരോപണങ്ങൾക്കെതിരെ സി.പി.എം സെക്രട്ടേറിയറ്റ് രംഗത്തെത്തിയത് അഴിമതി മൂടിവയ്‌ക്കാനാണ്. ഉപകരണങ്ങൾ ടെൻഡർ ചെയ്‌തത് വൻ തുകയ്‌ക്കായിട്ടും ഗുണനിലവാരമില്ലാത്തതിനാൽ ആർ.എം.എസ്.എ ഫിനാൻസ് ഓഫീസർ ഇതിനെ എതിർത്തതാണ്. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടെൻഡർ കമ്മിറ്റി അതിനെ മറികടന്ന് വില കുറഞ്ഞ സാധനങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങുകയായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തെത്തിക്കാൻ അന്വേഷണം വേണം. എന്നാൽ തന്റെ കത്തിന് മറുപടി പോലും മുഖ്യമന്ത്രി നൽകിയില്ല.

വൻകിട കമ്പനികളുടെ ഇ-വേസ്റ്റുകളാണ് സ്കൂളുകളിൽ വിതരണം ചെയ്തത്. പദ്ധതിയുടെ മറവിൽ ബിനാമി കമ്പനികളാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.