malinyam

വിതുര: വിതുര- നന്ദിയോട്- പാലോട് റൂട്ടിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. ഇറച്ചി വില്പനശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ വിജനവീഥികളിൽ കൊണ്ട് വലിച്ചെറിയാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇതു സംബന്ധിച്ച് നാട്ടുകാർ അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിതുര- പാലോട് റോഡിൽ ചെറ്റച്ചൽ ജവഹർ നവോദയ സ്കൂളിന് മുന്നിലുള്ള വനത്തിലും മാലിന്യങ്ങൾ വലിച്ചെറിയുന്നു. പൊട്ടൻചിറ മുതൽ കാലങ്കാവ് വരെയുള്ള വനമേഖല മാലിന്യ നിക്ഷേപകേന്ദ്രങ്ങളായിട്ട് വർഷങ്ങളായി. മാലിന്യം അഴുകിയ ദുർഗന്ധം മൂലം വഴിപോക്കർ മൂക്കുപൊത്തിയാണ് സഞ്ചരിക്കുന്നത്. മാത്രമല്ല ഇറച്ചി വേസ്റ്റുകൾ കാക്കയും മറ്റും കൊത്തി വലിച്ച് പ്രദേശത്തെ കിണറുകളിൽ കൊണ്ടിടുന്നതായും പരാതിയുണ്ട്. നവോദയ സ്കൂളിലെ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്.

 തെരുവുനായ ശല്യവും

കാലങ്കാവ് മേഖലയിൽ നിക്ഷേപിക്കുന്ന മാലിന്യം കഴിക്കാനെത്തുന്ന നായകൾ പ്രദേശവാസികളെയും വഴിപോക്കരെയും ആക്രമിച്ചിട്ടുണ്ട്. പൊട്ടൻചിറ, കാലങ്കാവ്, മേഖലയിലും നായശല്യം വർദ്ധിച്ചിട്ടുണ്ട്. പുലർച്ചെ ടാപ്പിംഗിന് പോയ തൊഴിലാളികളെയും പത്ര ഏജന്റുമാരെയും നായകൾ കടിച്ച സംഭവവും ഉണ്ടായി.

മാലിന്യനിക്ഷേപം തടയിടുന്നതിനായി ചെറ്റച്ചൽ പൊട്ടൻചിറ മുതൽ കാലങ്കാവ് വരെയുള്ള പ്രദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം

ജെ. വേലപ്പൻ,

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

 മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി

പാലോട് ഫോറസ്റ്റ്റെയിഞ്ചിന്റെ പരിധിയിലുള്ള വിതുര പഞ്ചായത്തിലെ ചെറ്റച്ചൽ കരിമ്പിൻകാലയിൽ വനഭൂമി കൈയേറി കുഴികളെടുത്ത് വൻ തോതിൽ മാലിന്യം നിക്ഷേപിച്ച സംഘത്തെ വനപാലകർ പിടികൂടി. ഫ്ലാറ്റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചത്. വനത്തിൽ കുഴിയെടുക്കാനായി ജെ.സി.ബിയും കൊണ്ടു വന്നിരുന്നു. രണ്ടാഴ്ചയായി കരിമ്പിൻകാലയിൽ ഇൗ സംഘം മാലിന്യം നിക്ഷേപിച്ചു വരികയായിരുന്നു. ഇതിന് സമീപമാണ് വാമനപുരം നദി ഒഴുകുന്നത്. നദിയിലും മാലിന്യം നിക്ഷേപിച്ചതായി ആദിവാസികൾ പറയുന്നു. ഇന്നലെ രാവിലെ മാലിന്യം കൊണ്ടുവന്നപ്പോൾ നാട്ടുകാർ തടയുകയും വനംവകുപ്പ് മേധാവികളെ അറിയിക്കുകയും ചെയ്തു. തുടർന്ന് പാലോട് റെയ്ഞ്ച് ഒാഫീസർ കെ. അജിത്കുമാറും സംഘവും സ്ഥലത്തെത്തി മാലിന്യം കൊണ്ടു വന്ന മൂന്ന് പേരെ പിടികൂടുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാട്ടാക്കട, നെയ്യാറ്റിൻകര സ്വദേശികളാണ് പിടിയിലായത്.