ljd

കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റുവിഭജനം കീറാമുട്ടിയാകുന്നു. മുന്നണിയിലേക്ക് തിരിച്ചെത്തിയ എൽ.ജെ.ഡി. പിലിക്കോട് ഡിവിഷന് വേണ്ടി അവകാശ വാദം ഉന്നയിക്കുന്നതാണ് സ്ഥാനാർഥി നിർണ്ണയം നീളാൻ ഇടയാക്കുന്നത്. ഇന്ന് നീലേശ്വരത്ത് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കാഞ്ഞങ്ങാടും നീലേശ്വരത്തും നേരത്തെ രണ്ടുതവണ നടത്തിയ ഉഭയകക്ഷി ചർച്ചകളിലൊന്നും ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ കാര്യത്തിൽ തീർപ്പുണ്ടാക്കായിരുന്നില്ല. ഇന്നത്തെ യോഗത്തിലും ധാരണ ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണിയുടെ സംസ്ഥാന സമിതിക്ക് വിഷയം കൈകൈമാറേണ്ടിവരും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ സി.പി.എമ്മിന് നഷ്ടപെട്ടതാണ് പിലിക്കോട് ഡിവിഷൻ. കള്ളാർ ഡിവിഷന് വേണ്ടി കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സി.പി.ഐയ്ക്കാകട്ടെ എം. നാരായണൻ ജയിച്ച ബേഡകം സീറ്റിന് പകരം മടിക്കൈ, കരിന്തളം ഡിവിഷനുകളിൽ ഏതെങ്കിലും ഒന്ന് കിട്ടിയേ തീരൂ. മടിക്കൈ പഞ്ചായത്തിൽ ആകെയുള്ള 15 വാർഡിൽ ഒന്നിൽ മാത്രമാണ് സി.പി.ഐയ്ക്ക് പ്രതിനിധിയുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി ബാലകൃഷ്ണനെ മത്സരിപ്പിക്കുന്നതിനാൽ സി.പി.എം മടിക്കൈ നൽകാൻ തയ്യാറാകില്ല.

സംസ്ഥാന തലത്തിൽ നിലവിലുള്ള സ്റ്റാറ്റസ്ക്കോ നിലനിർത്തണമെന്ന നിർദ്ദേശം നടപ്പാക്കാൻ വേണ്ടിയാണ് പിലിക്കോട് വിട്ടുതരില്ലെന്ന് സി.പി.എം വാദിച്ചത്. 66 വോട്ടിന് സി.പി.എം തോറ്റ ഡിവിഷൻ ഇത്തവണ ജനറൽ മണ്ഡലമാണ്. തങ്ങളുടെ ശക്തികേന്ദ്രമായ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്ന പിലിക്കോട് ഡിവിഷനിൽ 2500 ഓളം വോട്ടുണ്ടെന്നും സീറ്റ് തങ്ങൾക്ക് തന്നെ വിട്ടുതരണമെന്നുമാണ് എൽ.ജെ.ഡി നേതാക്കൾ പറയുന്നത്. മുമ്പും ഇടതുമുന്നണിയുടെ കൂടെയുണ്ടായപ്പോൾ ജനതാദളിന്റെ ശശി നടക്കാവ് ജയിച്ച ഡിവിഷൻ കൂടിയാണിതെന്നും ജില്ലയിൽ നിയമസഭാ സീറ്റൊന്നും വിട്ടുതരാൻ ഒരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ജില്ലാ പഞ്ചായത്തിൽ ജയിക്കുന്ന സീറ്റ് കിട്ടാൻ എന്തുകൊണ്ടും അവകാശമുണ്ടെന്നും എൽ.ജെ.ഡി വാദിക്കുന്നു.

സ്ഥാനാർഥിയെയും എൽ.ജെ.ഡി കണ്ടെത്തിയിട്ടുണ്ട്. സീറ്റ് വിട്ടുകൊടുത്താൽ സി.പി.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 9 ആയി ചുരുങ്ങും. കേരള കോൺഗ്രസിന് ഇത്തവണ ജില്ലാ പഞ്ചായത്ത് സീറ്റ് വിട്ടുകൊടുക്കാൻ സാദ്ധ്യത കുറവാണെന്ന് ഇടതുമുന്നണി നേതാവ് വെളിപ്പെടുത്തി. പി. ഗോപാലൻ മാസ്റ്ററുമായി ബന്ധപ്പെട്ട വിഷയം കാരണമുള്ള ഭിന്നത നിലനിൽക്കുന്നതിനാലാണ് മറ്റൊരു ജയിക്കുന്ന സീറ്റ് കിട്ടിയാൽ ബേഡകം നൽകാമെന്ന് സി.പി.ഐ പറയുന്നതെന്നാണ് സി.പി.എം നേതാക്കളുടെ അഭിപ്രായം. അതേസമയം ചിറ്റാരിക്കാൽ ഡിവിഷനിൽ ഡി.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ ഇടതുമുന്നണി ധാരണയിൽ എത്തിയിട്ടുണ്ട്.