k-surendran

തിരുവനന്തപുരം: ദേശവിരുദ്ധ ശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ ജനങ്ങളുടെ പ്രതിഷേധം തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്ത് കോർപറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡിഷണൽ സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറിക്കും സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെങ്കിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടാകുമെന്നുറപ്പാണ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട് 4,000 കോടിയുടെ അഴിമതിയാണ് നടന്നത്. മലബാറിൽ നോട്ട് നിരോധന സമയത്ത് ആയിരക്കണക്കിന് കോടിയുടെ ബിനാമി ഇടപാടുകൾ നടന്നു. ഇതെല്ലാം രവീന്ദ്രന് അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. ജലീലല്ലാതെ മറ്റു രണ്ട് മന്ത്രിമാർ സ്വർണക്കടത്തിന് കൂട്ടുനിന്നിട്ടുണ്ട്. അല്പം ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് മുമ്പ് രാജിവയ്ക്കണം. ബി.ജെ.പി പറഞ്ഞതെല്ലാം ശരിയാണെന്ന് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് കോടതിയിലെത്തിയതോടെ ബോദ്ധ്യമായെന്നും അദ്ദേഹം പറഞ്ഞു.