തിരുവനന്തപുരം: പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് പേട്ട പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവ് നടത്തിയ സത്യാഗ്രഹത്തിന് നാടകീയ അന്ത്യം. ഇന്നലെ രാവിലെയാണ് ഒരുവാതിൽക്കോട്ട സ്വദേശി പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് പ്രാദേശിക നേതാക്കളുമായി സ്റ്റേഷന് മുന്നിൽ സത്യാഗ്രഹത്തിനെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 1ന് താൻ വീടിനു മുന്നിൽ നിൽക്കുമ്പോൾ അതുവഴി പട്രോളിംഗിനെത്തിയ പേട്ട സ്റ്റേഷനിലെ എ.എസ്.ഐയും സംഘവും അകാരണമായി തല്ലിയെന്ന് യുവാവ് ആരോപിച്ചു. എന്നാൽ പരാതിക്കാരൻ മദ്യപിച്ച് വീടിനു മുന്നിൽ നിന്നപ്പോൾ കാര്യം അന്വേഷിച്ചത് മാത്രമാണെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടർന്ന് പേട്ട സി.ഐ ഡി.ഗിരിലാലിന്റെ നേതൃത്വത്തിൽ സംഭവത്തിെ പറ്റി അന്വേഷിച്ചു.
കഥയുടെ അവസാനം ഇങ്ങനെ:
സംഭവം നടക്കുന്നതിന്റെ അന്ന് പരാതിക്കാരനും സുഹൃത്തുക്കളും തമിഴ്നാട്ടിൽ പോയി രാത്രി 11ന് ഒരുവാതിൽക്കോട്ടയിലെത്തി. ശേഷം ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യാസക്തിയിൽ സുഹൃത്തുക്കളും യുവാവും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന് ഒരു സുഹൃത്ത് പരാതിക്കാരനായ യുവാവിനെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഈ സമയത്താണ് പൊലീസ് അതുവഴിവന്നത്. അമിത മദ്യലഹരിയായതിനാൽ രാവിലെയായപ്പോഴാണ് നേരത്തെയുണ്ടായ അടിപിടിയുടെ പാടുകൾ ശരീരത്ത് ശ്രദ്ധിച്ചത്. പൊലീസ് മർദ്ദിച്ചതാണെന്ന് കരുതി പരാതിയുമായി നേരെ സ്റ്റേഷനിലെത്തി. സി.ഐ നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് പരാതിക്കാരൻ സമ്മതിച്ചു. സത്യം തെളിഞ്ഞതോടെ പരാതി പിൻവലിച്ച് യുവാവും സംഘവും മടങ്ങി.