ജാമ്യാപേക്ഷ 18ന് പരിഗണിക്കും
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷൻസ് കോടതി 25 വരെ റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. അതേസമയം, ലഹരിക്കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ ഇന്നലെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.
ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 3 തവണയായി 14 ദിവസം കസ്റ്റഡിയിലായിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 11.30ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കി. കോടതി ചേർന്നയുടൻ ജാമ്യഹർജി പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൂടുതൽ തെളിവുകൾ നിരത്തി. ബിനീഷിന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബർ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങളെന്നും ഇ.ഡി അറിയിച്ചു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാം.
കേസ് വിവരം മാദ്ധ്യമങ്ങൾ നൽകുന്നത് സാധാരണം: കോടതി
കേസുമായി ബന്ധമില്ലാത്തവർ കേസ് വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നെന്നും ഇത് റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ വാദിച്ചു. കോടതി നടപടികൾക്ക് ഇൻ കാമറ പ്രൊസീഡിംഗ്സ് വേണമെന്നും ആവശ്യപ്പെട്ടു.