ddd

തിരുവനന്തപുരം: ഒന്നിച്ചും കലഹിച്ചും സംഭവബഹുലമാക്കിയ അഞ്ച് വർഷം പൂർത്തിയാക്കി നഗരസഭ കൗൺസിൽ പിരിഞ്ഞു. ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് സാക്ഷിയായ കൗൺസിൽ ഹാളിൽ ഇന്നലെ യാത്രഅയപ്പിന്റെ നൊമ്പരമായിരുന്നു.

വികാരനിർഭരമായാണ് പല കൗൺസിലർമാരും സംസാരിച്ചത്. ഓർമ്മകൾ പങ്കുവച്ചപ്പോൾ പലരുടെയും കണ്ഠമിടറി. സമയക്കുറവ് പരിഗണിച്ച് മൂന്ന് മുന്നണിയിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ് സംസാരിച്ചത്. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആ‍ർ. ഗോപനാണ് ആദ്യം സംസാരിച്ചത്. എല്ലാ കൗൺസിലർമാരും ജനക്ഷേമം ലക്ഷ്യംവച്ചാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു. തുടർന്ന് സംസാരിച്ച യു.ഡി.എഫ് നേതാവ് ഡി.അനിൽകുമാർ ഒരുപോലെ എല്ലാവർക്കും പ്രാതിനിദ്ധ്യം ലഭിച്ച കൗൺസിലാണിതെന്ന് അഭിപ്രായപ്പെട്ടു. മേയറും ഡെപ്യൂട്ടിമേയറും കൗൺസിലർമാരും ഭർത്താവിന്റെ മരണമുൾപ്പെടെ പല വിഷമഘട്ടങ്ങളിലും തനിക്ക് നൽകിയ പിന്തുണയെപ്പറ്റി നികുതി, ​അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ സിമി ജ്യോതിഷ് പറഞ്ഞപ്പോൾ ശബ്ദം പലവട്ടം ഇടറി. അവസാനം സംസാരിച്ച മേയർ ശ്രീകുമാറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മേയറുമായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവച്ചു. എല്ലാ കൗൺസിലർ‌മാരും രാഷ്ട്രീയം നോക്കാതെ പ്രവർത്തിച്ചെന്നും ജീവനക്കാരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം വികസന കാര്യങ്ങളിൽ മുതൽക്കൂട്ടായെന്നും അദ്ദേഹം പറഞ്ഞു. വരുന്ന രണ്ട് വർഷത്തിനിടെ തിരുവനന്തപുരം നഗരം മെട്രോപോളിറ്റൻ സിറ്റിയാകുമെന്നും അതിനുള്ള അടിത്തറയിട്ടാണ് ഈ കൗൺസിൽ പടിയിറങ്ങുന്നതെന്നും മേയർ പറഞ്ഞു. എല്ലാ ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു. മുൻ മേയർ വി.കെ. പ്രശാന്തിനെ കൗൺസിലർമാർ പ്രസംഗത്തിൽ ഓർമ്മിച്ചു. എല്ലാ കൗൺസിലർമാർക്കും നഗരസഭയുടെ ഉപഹാരം മേയർ സമ്മാനിച്ചു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനുള്ള തിരക്കായി. ചിരിച്ചും കുശലം പറഞ്ഞും കൗൺസിലർമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഔദ്യോഗിക ഫോട്ടോയെടുപ്പ് കഴിഞ്ഞതോടെ സെൽഫി ടൈം ആയി. ഒന്നിച്ച് ഭക്ഷണവും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. കഴിഞ്ഞ ദിവസം കൊവിഡ് പൊസിറ്റീവായതിനാൽ കരമന വാർഡ് കൗൺസിലർ കരമന അജിത്തിന് പങ്കെടുക്കാനായില്ല.

 കല്ലും മുള്ളും നിറഞ്ഞ അഞ്ച് വർഷം

ഒട്ടും എളുപ്പമായിരുന്നില്ല നഗരസഭാ കൗൺസിലിന്റെ കഴിഞ്ഞ അഞ്ച് വർഷം. കേവല ഭൂരിപക്ഷമില്ലാതെ നൂൽപ്പാലത്തിലൂടെയാണ് കാലാവധി പൂർത്തിയാക്കിയത്. രണ്ട് മേയർമാരെ കണ്ട കൗൺസിൽ കൂടിയായിരുന്നു ഇത്. അപ്രതീക്ഷിതമായി മേയർ സ്ഥാനത്തെത്തിയ വി.കെ.പ്രശാന്ത് വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞതോടെ അവസാന ഒരു വർഷം കെ. ശ്രീകുമാർ മേയർ സ്ഥാനം അലങ്കരിച്ചു. സുഗമമായ യാത്ര അല്ലായിരുന്നു കൗൺസിലിനെ കാത്തിരുന്നത്. രണ്ട് വർഷങ്ങളിൽ ആവർത്തിച്ച പ്രളയവും കൊവിഡുമടക്കം പ്രതിസന്ധികൾ നിരവധിയുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനായത് നേട്ടമായി. ചരിത്രത്തിലില്ലാത്തവിധം മേയറും പ്രതിപക്ഷകൗൺസിലർമാരും തമ്മിലുള്ള അതിരൂക്ഷമായ വാദപ്രതിവാദങ്ങൾക്കും കൈയാങ്കളിവരെയെത്തിയ സംഭവവികാസങ്ങൾക്കും കൗൺസിൽ സാക്ഷിയായിട്ടുണ്ട്. വൻ മുന്നേറ്റത്തിലൂടെ ബി.ജെ.പി പ്രതിപക്ഷ നിരയിലേക്ക് ഉയർന്നതും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് മാറിയതും ഈ കൗൺസിലിന്റെ പ്രത്യേകതയായിരുന്നു.