enforcement-directorate

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് നീങ്ങുന്ന നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയാകെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തൽ കേന്ദ്ര അന്വേഷണ ഏജൻസിയിൽ നിന്നുണ്ടായത് ഇടതുമുന്നണിയെയും സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി.

സ്വർണക്കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടുതൽ പേർ അറിഞ്ഞാണെന്നും ലൈഫ് മിഷൻ ക്രമക്കേട് അടക്കമുള്ള കോഴയിടപാടുകളെല്ലാം ശിവശങ്കറിന് അറിയാമെന്നുമാണ് സ്വപ്നയുടെ മൊഴിയെന്ന രൂപത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ പുറത്തുവിട്ടത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം ശക്തമാക്കി പ്രത്യക്ഷസമരത്തിന് ഇടതുമുന്നണി തീരുമാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് സർക്കാരിന് മേൽ കുരുക്ക് കൂടുതൽ മുറുക്കുന്ന നീക്കം ഇ.ഡിയിൽ നിന്നുണ്ടായിരിക്കുന്നത്.

വികസനപദ്ധതികളിന്മേൽ അന്വേഷണം മുറുക്കാനുള്ള ഇ.ഡി നീക്കത്തിനെതിരെയാണ് 16ന് ജനകീയ പ്രതിരോധത്തിന് ഇടതുമുന്നണി തീരുമാനിച്ചത്. ഇതിനു പിന്നാലെയുണ്ടായ ഇ.ഡിയുടെ വെളിപ്പെടുത്തൽ പക്ഷേ, ശരിക്കും സർക്കാരിനെ വെട്ടിലാക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഇതിന് മറുപടി പറയുക സി.പി.എമ്മിന് എളുപ്പമാകില്ല. മൊഴി തെറ്റെന്ന് സ്ഥാപിച്ചെടുക്കുക സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.

സോളാർ കേസുണ്ടായപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിനെ കടന്നാക്രമിച്ച അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്ന വെളിപ്പെടുത്തലാണുണ്ടായിരിക്കുന്നത്. സ്വർണക്കടത്ത് വിവാദമുണ്ടായ ഉടൻ ശിവശങ്കറിനെതിരെ നടപടിയെടുത്ത് തന്റെ ഓഫീസിന്റെ സുതാര്യത കാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നതാണ് പുതിയ ആരോപണങ്ങൾ. പെട്ടെന്നു തന്നെ ശിവശങ്കറിനെതിരെ കൈക്കൊണ്ട നടപടി വച്ചാണ് മുൻ സർക്കാരുമായുള്ള താരതമ്യം ചെയ്യലിനെ മുഖ്യമന്ത്രി ചെറുത്തുപോന്നിരുന്നത്.

എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരിലേക്ക് ഇ.ഡി സംശയമുന നീട്ടുന്നു. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഓഫീസിൽ ശിവശങ്കറിന്റെ നിഴലുകളായി പ്രവർത്തിച്ച മറ്റ് ചിലരെക്കൂടി ഇ.ഡി ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങളുയരുന്നു. ഇ.ഡിയുടേത് രണ്ടും കല്പിച്ചുള്ള രാഷ്ട്രീയനീക്കമെന്ന് വ്യാഖ്യാനിക്കുമ്പോഴും മുറുകുന്ന കുരുക്കിൽ നിന്നൊഴിഞ്ഞുമാറുക അത്രയെളുപ്പമല്ലെന്ന് സി.പി.എമ്മും ഇടതുകേന്ദ്രങ്ങളും തിരിച്ചറിയുന്നു. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റിൽ ഈ ഗൗരവാവസ്ഥ ഉൾക്കൊണ്ടുള്ള ചർച്ച നടന്നേക്കും.