തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലെത്തിയതോടെ മൂന്നുമുന്നണികൾക്കും തലവേദനയായി അസ്വാരസ്യങ്ങൾ തലപ്പൊക്കിത്തുടങ്ങി. ഒരു മുന്നണിക്കും ഇതുവരെ നഗരസഭയിലെ നൂറു സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നവരെ അവസാന നിമിഷം ഒഴിവാക്കുന്നതും മുന്നണിയിലെ പ്രധാന പാർട്ടികൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ചെറിയ പാർട്ടികൾക്ക് സീറ്റ് നൽകുന്നതുമൊക്കെയാണ് പ്രശ്‌നങ്ങൾക്ക് കാരണം. എൽ.ഡി.എഫ് ഇതുവരെ 94 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കാലടി വാർഡ് കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന് നൽകിയത് ഫലത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടാക്കിയിരിക്കുകയാണ്. നേരത്തെ സ്ഥാനാർത്ഥിയായി തീരുമാനിച്ച എൽ.സി അംഗം ശ്യാംമോഹനനു വേണ്ടി ചുമരെഴുത്ത് വരെ നടന്ന ശേഷമാണ് സീറ്റ് പുതിയ ഘടകകക്ഷിക്ക് നൽകിയത്. ഇതോടെ ഇവിടെ റിബൽ സ്ഥാനാർത്ഥിയുണ്ടാകാനുള്ള സാദ്ധ്യതയുമേറി. മറ്റ് ഘടക കക്ഷികൾക്കും സീറ്റ് വിഭജനത്തിൽ അതൃപ്‌തിയുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിനായി നീക്കിവച്ച ബീമാപള്ളി വാർഡ് അവർ നിരസിച്ചു. യു.ഡി.എഫിൽ ഇതുവരെ 56 വാർഡുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന വാർഡുകളിൽ സീറ്റിനുവേണ്ടി പോര് മൂർച്ഛിക്കുകയാണ്. ഗ്രൂപ്പുകൾ തമ്മിലും ഗ്രൂപ്പിനകത്തെ ഗ്രൂപ്പുകൾ തമ്മിലുമാണ് മത്സരം. പാർട്ടിയിലെ ഉൾപ്പോരിനെ തുടർന്ന് ഡി.സി.സി സെക്രട്ടറിയായിരുന്ന ഹരികുമാറിനെ സസ്പെൻഡ് ചെയ്യേണ്ടിവന്നത് കോൺഗ്രസിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ. ഔദ്യോഗികമായി സീറ്റ് പ്രഖ്യാപിച്ചില്ലെങ്കിലും പലരും പ്രചാരണ രംഗത്തിറങ്ങുകയും ചെയ്‌തു. സീറ്റ് വച്ചുമാറണമെന്ന് പല ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. എൻ.‌ഡി.എയിൽ 16 സീറ്റുകളിൽ ഇനിയും സ്ഥാനാർത്ഥികളായിട്ടില്ല. ചില വാർഡുകളിൽ സ്ഥാനാർത്ഥിയാകാനുള്ള മത്സരം ബി.ജെ.പി ജില്ലാ നേതൃത്വത്തിന് തലവേദനായി മാറിയിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയ നെടുമം മോഹനന് വെള്ളാർ സീറ്റ് നൽകിയെങ്കിലും പ്രദേശത്തെ ബി.ജെ.പി നേതാക്കളിൽ ചിലർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്രാണ് വെള്ളാർ. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടവരെല്ലാം ആദ്യറൗണ്ട് പ്രചാരണം പകുതിയോളം പൂർത്തിയാക്കിക്കഴിഞ്ഞു. ഇക്കാര്യത്തിൽ സി.പി.എം സ്ഥാനാർത്ഥികളാണ് ഒരുപടി മുന്നിൽ.