തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത 25 വർഷത്തേക്കുള്ള പശ്ചാത്തല വികസന പദ്ധതികൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷൻ നിർദ്ദേശിച്ചു.
പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനും മേൽനോട്ടം വഹിക്കാനായി ആസൂത്രണ വകുപ്പിന് കീഴിൽ പ്രോജക്ട് ഫൈനാൻസിംഗ് ആൻഡ് മാനേജ്മെന്റ് സെൽ രൂപീകരിക്കണമെന്നും വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ റിപ്പോർട്ടിൽ നിർദ്ദേശിച്ചു. എല്ലാ പശ്ചാത്തല വികസന പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഈ സെൽ പരിശോധിക്കണം. ബഡ്ജറ്റിന് പുറത്തുള്ള പണം കൊണ്ടോ, മറ്റ് ബിസിനസ്സ് മാതൃകകളിലൂടെയോ ഇത് ചെയ്യാൻ പറ്റുമോയെന്നും പരിശോധിക്കണം. പദ്ധതികൾ സാങ്കേതികമായും സാമ്പത്തികമായും നിലനിൽക്കുമോ, പദ്ധതിയുടെ സാമൂഹ്യ സാമ്പത്തിക നേട്ടം എന്താണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. പ്രോജക്ട് ഫൈനാൻസിംഗ് യൂണിറ്റിൽ ധനകാര്യ, പ്രോജക്ട് മാനേജ് മെന്റ് , നിയമ വിദഗ്ദ്ധരെ ഉൾപ്പെടുത്തണം. കിഫ്ബി, ധന വകുപ്പ്, പ്ലാനിംഗ് ബോർഡ്, ഭരണ വകുപ്പുകൾ എന്നിവയെ പശ്ചാത്തല വികസന കാര്യത്തിൽ ഏകോപിപ്പിക്കേണ്ട ചുമതലയും സെല്ലിനായിരിക്കണം.
മറ്റ് നിർദ്ദേശങ്ങൾ
പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ മരാമത്ത് പണികളും ഉൾപ്പെടുന്ന ഡേറ്റാ ബേസ് തയ്യാറാക്കണം. വകുപ്പിന് അസൗകര്യമാണെങ്കിൽ ഇത് പുറത്ത് നിന്നുള്ള ഏജൻസിയെ ഏല്പിക്കണം.
നിന്നുപോയതും ഉപേക്ഷിച്ചതും അപൂർണവുമായ പദ്ധതികളുടെ വിവരം ശേഖരിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം.
പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെങ്കിൽ അതിന്റെ സാദ്ധ്യതകളും പരിശോധിക്കണം.
കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ഇതിനായുള്ള പദ്ധതികൾ എല്ലാ വർഷവും കണ്ടെത്തണം.
പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ ലാൻഡ് അക്വിസിഷനു മുമ്പ് സമവായത്തിലൂടെ ഭൂമി വാങ്ങാൻ കഴിയുമോയെന്ന് അന്വേഷിക്കണം.