ku

തദ്ദേശ തിരഞ്ഞെടുപ്പ് യോഗ്യതാമാനദണ്ഡങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: എം പാനൽകാർ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കുടുംബശ്രീക്കാർക്ക് മത്സരിക്കാം. സ്ഥാനാർത്ഥികളുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ വിശദമായ മാർഗനിർദ്ദേശം പുറത്തിറക്കി.കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപറേഷനുകളിലെയോ ഉദ്യോഗസ്ഥരും ജീവനക്കാരും കേന്ദ്രസംസ്ഥാന സർക്കാരുകൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും, സഹകരണ സംഘങ്ങളിലുള്ള ജീവനക്കാർക്കും മത്സരിക്കാനാവില്ല. സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ സർവകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥരും ജീവനക്കാരും പാർട്‌ടൈം ജീവനക്കാരും, ഓണറേറിയും കൈപ്പറ്റുന്ന ജീവനക്കാരും അയോഗ്യർ തന്നെ. എന്നാൽ അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരകർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ.

സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുള്ളവരും സർക്കാരിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ കുടിശ്ശികയുള്ളവരും അയോഗ്യരാണ്. ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവയ്ക്ക് കൊടുക്കാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽകൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.

ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തിൽ കുറയാതെയുള്ള കാലത്തേക്കു തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയവർ അയോഗ്യരാണ്.

അഴിമതിക്കോ കൂറില്ലായ്മയ്ക്കോ ഉദ്യോഗത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതൽ 5 വർഷത്തേക്ക്‌ അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ടെങ്കിൽ അയോഗ്യനാകും.

തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും അയോഗ്യനാണ്. ബധിരനോ മൂകനോ ആണെങ്കിലും അയോഗ്യനാണ്.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നു വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യനാണ്.

ഒരാൾക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാർഡിലേക്കു മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാം. 2എ ഫാറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. സ്ഥാനാർത്ഥിയുടെ ഫോൺ നമ്പർ, ഇ-മെയിൽ വിവരം, സോഷ്യൽ മീഡിയ അക്കൗണ്ട് നമ്പർ, പാൻ നമ്പർ തുടങ്ങിയ വിവരങ്ങളും പുതുതായി നൽകണം. സ്ഥാനാർത്ഥിയുടെയും കുടുംബത്തിന്റെയും സ്വത്ത്, ബാദ്ധ്യത-കുടിശ്ശിക വിവരങ്ങൾ എന്നിവയ്ക്ക് പുറമേ സ്ഥാനാർത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും കാണിക്കേണ്ടതുണ്ട്. കോടതിയിൽ വിചാരണയിലുള്ള കേസുകൾ ശിക്ഷിക്കപ്പെട്ട കേസുകൾ എന്നിവയുണ്ടെങ്കിൽ അതിന്റെ വിവരവും സ്ഥാനാർത്ഥി നൽകേണ്ടതുണ്ട്.