girijakukari

പാറശാല: ഇലക്‌ഷൻ പ്രചാരണം സജീവമാകുന്നതിടെയുണ്ടായ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജാകുമാരിയുടെ മരണത്തിൽ ഞെട്ടി ഉച്ചക്കട ഗ്രാമം. മരണവാർത്തയറിഞ്ഞ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി. ഡിഗ്രി വിദ്യാർത്ഥി ബിന്ദുജ ജി. നാഥിനും പ്ലസ് ടു വിദ്യാർത്ഥിയായ അഞ്ജുജ ജി. നാഥിനും ഇനി പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ ബിനു മാത്രമാണ് ഇനി ആശ്രയം. വിജയപ്രതീക്ഷയിൽ മുന്നോട്ടുപോകുന്നതിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തം കോൺഗ്രസ് പ്രവർത്തകരെയും ദുഃഖത്തിലാഴ്‌ത്തി. നാട്ടിലെ ഏതുകാര്യത്തിലും സജീവമായി ഇടപെട്ടിരുന്ന ഗിരിജ സി.ഡി.എസ് ചെയർപേഴ്സണായിരുന്നു. പുതിയ ഉച്ചക്കട വാർഡിലെ സ്ഥാനാർത്ഥി ചർച്ചകൾ ഉയർന്നപ്പോൾ ചെയർപേഴ്സണെന്ന മുൻഗണന ഗിരിജയ്‌ക്ക് തുണയാകുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് സ്ഥാനാർത്ഥിത്വത്തിൽ അന്തിമതീരുമാനമായത്. ഇതിനുശേഷം പ്രചാരണം ആരംഭിച്ച ഗിരിജകുമാരി ഭർത്താവിനൊപ്പം പുല്ലുവെട്ടി കോളനിക്ക് സമീപത്തുള്ള ജപമണിയുടെ വീട്ടിലെത്തി വോട്ടുചോദിച്ച് തിരികെ മടങ്ങവെയാണ് അപകടമുണ്ടായത്. മുറിച്ചിട്ട പെരുമരം ഗതിമാറി ഗിരിജാകുമാരിയുടെ ദേഹത്തുവീഴുകയായിരുന്നു. മരം ഗതിമാറുന്നത് ശ്രദ്ധയിൽപ്പെട്ട ജോലിക്കാർ ഉറക്കെ വിളിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിക്കുകയായിരുന്നു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.