തിരുവനന്തപുരം:സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച്‌ ബി.ജെ.പിയിൽ വീണ്ടും രാജി. മഹിളാമോർച്ച നേമം മണ്ഡലം പ്രസിഡന്റ്‌ ചന്ദ്രകുമാരിഅമ്മയാണ് രാജിവച്ചത്. നഗരസഭയിലെ പുന്നയ്‌ക്കാമുകൾ വാർഡിലെ സ്ഥാനാർത്ഥിയെ,തന്നെ നിരസിച്ച് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലും മത്സരിക്കാൻ സീറ്റ്‌ നിഷേധിച്ചതിലും പ്രതിഷേധിച്ചാണ്‌ പാർട്ടി അംഗത്വവും മണ്ഡലം പ്രസിഡന്റ്‌ സ്ഥാനവും രാജിവച്ചതെന്ന്‌ ചന്ദ്രകുമാരിഅമ്മ വ്യക്തമാക്കി. പുന്നയ്‌ക്കാമുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്നും ഇവർ വ്യക്തമാക്കി. 2010ലെ തിരഞ്ഞെടുപ്പിൽ പുന്നയ്‌ക്കാമുകളിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി ചന്ദ്രകുമാരിഅമ്മ മത്സരിച്ചിട്ടുണ്ട്‌. ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇതിനിടെയാണ്‌ നിലവിലെ തിരുമല കൗൺസിലറായിരുന്ന പി.വി.മഞ്‌ജുവിനെ ബി.ജെ.പി സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചത്‌. വാർഡിൽ ജനസമ്മതിയുള്ള ആളെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
സീറ്റ് തർക്കത്തെ ചൊല്ലി കഴിഞ്ഞ ദിവസം ബി.ജെ.പി വട്ടിയൂർക്കാവ്‌ മണ്ഡലം സെക്രട്ടറി വലിയവിള ബിന്ദുവും രാജിവച്ചിരുന്നു.