കൊച്ചി: ജില്ലയിൽ എലിപ്പനി രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇതിനോടകം 40 കേസും രണ്ട് മരണവും സ്ഥിരീകരിച്ചു. സംശയിക്കപ്പെടുന്ന 301കേസുകളും 11 മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനും ആരോഗ്യ ജാഗ്രതാ കാമ്പയിൻ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ജില്ലയിൽ 15 മുതൽ 20 വരെ ഊർജ്ജിത എലിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മൃതസഞ്ജീവനി കാമ്പയിൻ നടത്തും.
സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ :
# ജനങ്ങളിൽ ശക്തമായ അവബോധമുണ്ടാക്കണം
# മൃതസഞ്ജീവനി ക്യാമ്പയിൻ വിജയകരമാക്കുന്നതിന് പദ്ധതികൾ നടപ്പിലാക്കും
# ക്ഷീരകർഷക സമിതികൾ ,തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ,കുടുംബശ്രീ എന്നിവരുടെ സഹകരണം ഉറപ്പു വരുത്തുന്നതാണ്.
# എല്ലാ ആരോഗ്യ സ്ഥാപനങ്ങളും എലിപ്പനി പിടിപെടാൻ സാദ്ധ്യതയുള്ളവരെ
വാർഡ് / ഡിവിഷൻ തലത്തിൽ കണ്ടെത്തി ഹൈറിസ്ക് ഏരിയകൾ മാപ്പ് ചെയ്ത് പ്രതിരോധമരുന്ന് നൽകും .
# സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികൾക്കു ഡോക്സിസൈക്ലിൻ മരുന്ന് നൽകും .
# സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർക്ക് അവബോധം നൽകും .
# കോർപ്പറേഷൻ / നഗരസഭാ ജീവനക്കാർക്കും പ്രതിരോധ മരുന്ന് നൽകും.
# എല്ലാ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും അവബോധത്തിനായി ഡോക്സി കോർണർ സജ്ജമാക്കി മരുന്നിന്റെ ലഭ്യത ഉറപ്പാക്കും.
# രോഗലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഉചിതമായ ചികിത്സയിലൂടെ ഗുരുതര രോഗാവസ്ഥയും മരണവും ഒഴിവാക്കും.
# കൃഷിവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എലിനിയന്ത്രണ നടപടികളും മാലിന്യ നിർമ്മാർജന മാർഗങ്ങളും ഉറപ്പാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
# കൈകാലുകളിൽ മുറിവുകളുള്ളപ്പോൾ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത് .
# വ്യക്തിഗത സുരക്ഷയ്ക്കായി കൈയുറകളും കാലുറകളും ഉപയോഗിക്കുക .
# വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ജോലിചെയ്യുന്നവർ ജോലിയിൽ ഏർപ്പെടുന്നതിനു മുമ്പ് ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് ആറുമുതൽ എട്ടാഴ്ച വരെ തുടർച്ചയായി കഴിക്കുക.
# ജോലി തുടർന്നു ചെയ്യുന്നവർ 2 ആഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും ഗുളികകൾ കഴിക്കുന്നത് തുടരുക.
# ആഹാരശേഷം മാത്രം ഗുളികകൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക .
# പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദഗ്ദ്ധ വൈദ്യസഹായം തേടുക. ഒപ്പം ഡോക്ടറോട് ജോലി വിവരങ്ങൾ പറയുക.