sandal-wood

അടിമാലി: സ്വകാര്യ ഭൂമിയിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം.അടിമാലി ടൗൺ പരിധിയോട് ചേർന്നാണ് സംഭവം നടന്നത്.ടൗൺ ജുമാമസ്ജിദിന് സമീപത്തു നിന്നാരംഭിക്കുന്ന വഴിയുടെ ഓരത്ത് സ്വകാര്യ വ്യക്തി വാടകക്ക് നൽകിയിരുന്ന വീട്ടുമുറ്റത്തായിരുന്നു ചന്ദനമരം നിന്നിരുന്നത്.ഈ മരമാണ് ചൊവ്വാഴ്ച്ച രാത്രിയിൽ മുറിച്ച് കടത്താൻ ശ്രമം നടത്തിയത്.മരം മുറിച്ചു നീക്കിയത് ശ്രദ്ധയിൽപ്പെട്ട അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഒരുദ്യോഗസ്ഥൻ വിവരം രാവിലെ വനംവകുപ്പുദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് കൂമ്പൻപാറ റേഞ്ച് ഓഫീസിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരം മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനംവകുപ്പുദ്യോഗസ്ഥരെത്തി തുടർനടപടികൾ സ്വീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൂമ്പൻപാറ ഫോറസ്റ്റ് റെയിഞ്ചോഫീസർ പറഞ്ഞു.മരം മുറിച്ച് നീക്കിയെങ്കിലും തടിഭാഗം കടത്തികൊണ്ടുപോയിരുന്നില്ല.ചുവടു ഭാഗം മരകുറ്റിയുടെ ഏതാനും മീറ്റർ അടുത്തു നിന്നും ശേഷിക്കുന്ന ഭാഗം സമീപത്തു തന്നെ മറ്റൊരിടത്തു നിന്നും വനപാലകർ കണ്ടെടുത്തു.സംഭവത്തെ തുടർന്ന് വനപാലകർ വീട്ടുടമയെ വിളിച്ച് വരുത്തി വീട് വാടകയ്ക്ക് നൽകിയതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ജി സന്തോഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് തുടർനടപടികൾ സ്വീകരിച്ചത്.