കിളിമാനൂർ: സാക്ഷരത പ്രേരക്മാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് പുറമേ വേതനത്തിന്റെ കാര്യത്തിലും വിവേചനമെന്ന് ആക്ഷേപം. ജില്ലാ - സംസ്ഥാന തലങ്ങളിൽ ജോലി ചെയ്യുന്ന ഉന്നതർക്ക് കനത്ത ശമ്പളവും, മറ്റു ആനുകൂല്യങ്ങളും നൽകുമ്പോൾ ജോലി ഭാരം അധികമായ പ്രേരക്മാർക്ക് കിട്ടുന്നത് തുച്ഛമായ ദിവസ വേതനമാണ്.
ശനിയും ഞായറും പൊതു അവധി ദിവസങ്ങളിലും പ്രേരക്മാരുടെ വേതനം കുറവ് ചെയ്യും. ഈ നിബന്ധനയൊന്നും ജില്ലാ തലം മുകളിലുള്ളവർക്ക് ബാധകമല്ല. എല്ലാത്തരം കിഴിവുകളും കഴിഞ്ഞു തുച്ഛമായ തുക കൈയിൽ കിട്ടണമെങ്കിൽ പിന്നെയും കടമ്പകൾ ഏറെയുണ്ട്. സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യത വരെയുള്ള കോഴ്സുകളിൽ കുറഞ്ഞത് 100 പഠിതാക്കളെ ചേർക്കണം. തുല്യത പഠിതാക്കളുടെ രജിസ്ട്രേഷൻ ഫീസാണ് സാക്ഷരത മിഷന്റെ തനത് ഫണ്ട്. രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞു 3 വരെ വിദ്യ കേന്ദ്രത്തിലും തുടർന്നു ഫീൽഡ് വർക്കുമാണ് ചെയ്യേണ്ടത്. മലയോര മേഖലകളിൽ 13 - 20കിലോമീറ്റർ വീതം ഒരു ദിവസം യാത്ര ചെയ്യേണ്ടി വരുന്നു. ഫീൽഡ് പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അതതു മാസം ജില്ലാ ഓഫീസിൽ നൽകണം. ഇതിനു കുറഞ്ഞത് 1000 രൂപ എങ്കിലും ചെലവ് വരും. ഇതിനൊന്നും യാത്രപ്പടി, സ്റ്റേഷനറി ചാർജുകൾ നൽകാറില്ല.
വേതനം കുടിശികയിൽ
കൊവിഡ് കാലമായിട്ടും കഴിഞ്ഞ നാല് മാസമായി വേതനം കുടിശ്ശികയാണ്.
ശമ്പളം പറയുന്നതല്ല
ധന വകുപ്പ് ഇറക്കിയ മിനിമം വേതന ഉത്തരവിൽ സാക്ഷരത പ്രേരക്മാരുടെ സമാന തസ്തികയായ ലിറ്ററസി ടീച്ചർമാർക്ക് അനുവദിച്ച വേതനം 24,040 രൂപയാണ്. ഇത് മറച്ചു വച്ചു ദിവസ വേതനാടിസ്ഥാനത്തിൽ ശരാശരി 10000 രൂപയിലും താഴെ മാത്രമാണ് നൽകുന്നത്. 5000 രൂപ പോലും തികച്ചു കിട്ടാത്തവരുമുണ്ട്. അതേ സമയം മിനിമം വേതന ഉത്തരവിൽ പരാമർശമില്ലാത്ത ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർക്ക് 42,305 രൂപയും അസിസ്റ്റന്റ് ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർക്ക് 34, 605 രൂപയുമാണ് വേതനം. സംസ്ഥാന ഓഫീസിൽ 50000 മുതൽ ഒരു ലക്ഷത്തിനു മേൽ ശമ്പളമുള്ള ഡെപ്യൂട്ടേഷൻകാരുമുണ്ട്.
ലഭിക്കുന്നത് നിസാരമായ തുക
സാക്ഷരത മിഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ പഞ്ചായത്ത് തല ഏകോപനവും പ്രേരക്മാർക്കാണ്. യാത്ര കൂലിയും സ്റ്റേഷനറി ചെലവും കഴിഞ്ഞു കൈയിൽ കിട്ടുന്നത് നിസാരമായ തുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രേരക്മാർ പറയുന്നു. അവകാശങ്ങൾ ചോദിച്ചു മുന്നോട്ടു വരുന്ന നിരവധി പ്രേരക്മാരെ വിവിധ ശിക്ഷണ നടപടികളിലൂടെ അധികൃതർ പീഡിപ്പിക്കുമെന്നാണ് പറയുന്നത്. നിലവിലെ രണ്ടായിരത്തോളം പ്രേരക്മാരിൽ ഭൂരിഭാഗവും 50 വയസ് പിന്നിട്ട സ്ത്രീകളാണ്.