വെള്ളറട: ഭക്ഷ്യസുരക്ഷ നിയമം കാറ്റിൽപ്പറത്തി അതിർത്തി ഗ്രാമങ്ങളിൽ പഴകിയതും നിലവാരമില്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നത് വ്യാപകമായെങ്കിലും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് പരാതി. ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ പരിശോധനയില്ലാത്തതിനാൽ എത്ര പഴകിയ ഭക്ഷണപദാർത്ഥങ്ങളും വില്‌ക്കാമെന്ന സ്ഥിതിയാണ്. ഭക്ഷ്യസുരക്ഷ നിയമം നിലവിൽ വന്നതോടുകൂടി ആരോഗ്യവകുപ്പ് അധികൃതരും പരിശോധന മതിയാക്കി. ഇതിനാൽ യാതൊരു പേടിയുമില്ലാതെ കച്ചവടക്കാർക്ക് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുകയാണ്. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് ആരോഗ്യവകുപ്പിന് മാത്രമായി പരിശോധന നടത്താൻ കഴിയുകയില്ല. ഭക്ഷ്യസുരക്ഷ വിഭാഗത്തിനു മാത്രമേ നിയമ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു. മലയോര മേഖലയിലെ ചന്തകളിൽ വില്പനയ്ക്ക് എത്തിക്കുന്ന മത്സ്യങ്ങൾ ഏറെയും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ളതാണ്. യാതൊരു ശീതീകരണ സംവിധാനങ്ങളൊന്നുമില്ലാത്ത വാഹനങ്ങളിലാണ് ദിവസങ്ങൾ പഴക്കമുള്ള ചീഞ്ഞ മത്സ്യങ്ങൾ രാസവസ്തുകൾ ഉപയോഗിച്ച് കൊണ്ടുവന്ന് വ്യാപകമായി കച്ചവടം ചെയ്യുന്നത്.
അടുത്തകാലത്ത് ഇവിടങ്ങളിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ച് നിരവധിപേർ ആശുപത്രികളിലായെങ്കിലും ഭക്ഷ്യ സുരക്ഷ വിഭാഗം ഇതൊന്നും കാണുന്നില്ല. ജീവനക്കാരുടെ കുറവുകാരണമാണ് പരിശോധന നടത്താൻ കഴിയാത്തതെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി പറയുമ്പോൾ ബന്ധപ്പെട്ടവരുടെ മറുപടി. അതിർത്തിയിൽ ചെക്കുപോസ്റ്റുകൾ ഇല്ലാത്തതുകാരണം തമിഴ് നാട്ടിൽ നിന്നും അതിർത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെ പച്ചക്കറി മുതൽ രോഗബാധിതരായ കന്നുകാലികളും ഇറച്ചിക്കോഴികിളും മറ്റു ഭക്ഷ്യവസ്തുക്കളും വ്യാപകമായി കൊണ്ടുവരുന്നുണ്ട്. ഉത്പാദകരാരെന്നോ എത്രദിവസം ഉപയോഗിക്കാമെന്നോ ഉള്ള ഒരു രേഖകളുമില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും കവറിലും കുപ്പികളിലും നിറച്ച നിരവധി ഭക്ഷ്യ വസ്തുക്കൾ എത്തുന്നുണ്ട്. ഇവയെല്ലാം അധികൃതർ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.