arthritis

പലരും പലവിധത്തിൽ മനസ്സിലാക്കിയിട്ടുള്ളതും എന്നാൽ സർവ്വസാധാരണമായി ഉപയോഗിക്കുന്നതുമായ പദമാണ് വാതം. സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന എല്ലാത്തരം വേദനകൾക്കും വീക്കത്തിനും പൊതുവെ വാതരോഗം എന്നാണ് വിളിക്കുന്നത്.

അതുകൊണ്ടുതന്നെ ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഗൗട്ടീ ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, സ്പോണ്ടിലോസിസ് തുടങ്ങിയ രോഗങ്ങളെല്ലാം പലർക്കും വാതവും ആമവാതവും രക്തവാതവുമൊക്കെയാണ്. ഇവയെ വേറിട്ട് മനസ്സിലാക്കിയിട്ടല്ല പലരും ചികിത്സക്കെത്തുന്നതെന്ന് സാരം. അതുകൊണ്ടുതന്നെ, രോഗത്തിന്റെ തീവ്രതയും കാലവും പരിഗണിക്കാതെ വീക്കവും വേദനയും കുറയുന്നുണ്ടോ എന്ന് മാത്രം നോക്കി ചികിത്സയുടെ പ്രയോജനം വിലയിരുത്തുന്നവർ ധാരാളമായുണ്ട്. ചിലതരം ഓട്ടോ ഇമ്മ്യൂൺ ഡിസോർഡേർസ്, സീറോ നെഗറ്റീവ് ആർത്രൈറ്റിസ്, സിസ്റ്റമിക് ലൂപസ് എരിത്തിമറ്റോസിസ് എന്നിവ പോലും സന്ധികളിലെ വേദനയുടെ തീവ്രത മാത്രം നോക്കി വിലയിരുത്തുന്നവർ കുറവല്ല.

രക്തത്തിലെ എരിത്രോസൈറ്റ് സെഡിമെന്റേഷൻറേറ്റ് അഥവാ ഇ.എസ്.ആർ തോത് നോക്കി മാത്രം വാതത്തെ നിർണ്ണയിക്കുന്നവരും വിരളമല്ല. ചുരുക്കത്തിൽ,​ വളരെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന പല രോഗങ്ങളേയും വാതരോഗമെന്ന പേരിൽ നിസാരവൽക്കരിച്ച് ചികിത്സ ഇടയ്ക്കിടയ്ക്ക് നിർത്തുകയും ചിലപ്പോൾ വീണ്ടും ചികിത്സിക്കുകയും ചെയ്യുന്നവിധം ഒരു കലാപരിപാടിയായി സന്ധിരോഗങ്ങളെ കാണുന്നവരുണ്ട് എന്ന് സാരം. അങ്ങനെ വർഷാവർഷം വാതരോഗ ചികിത്സക്കെത്തുന്നവരുമുണ്ട്.

വാതരോഗങ്ങളുടെ കാര്യത്തിൽ ഏറെ തെറ്റിദ്ധാരണകളുണ്ട്. അതുകൊണ്ടാണ് വേദന കുറഞ്ഞലോ,​ ഇ.എസ്. ആർ കുറഞ്ഞാലോ വാതം മാറിയെന്ന് ആൾക്കാർ കരുതുന്നത്.

രണ്ട് അസ്ഥികൾ ചേരുന്ന വിരലുകളിലെ സന്ധികളിലുണ്ടാകുന്ന വാതരോഗത്തെക്കാൾ ഘടനാപരവും ചലനപരവുമായ വ്യതിയാനങ്ങൾ മൂന്ന് അസ്ഥികളോ അതിൽകൂടുതലോ ചേരുന്ന കഴുത്ത്, ഇടുപ്പ്, തോൾ, കാൽമുട്ട്, കൈക്കുഴ, കാൽക്കുഴ തുടങ്ങിയ സന്ധികളിൽ കൂടുതലായിരിക്കും. അസ്ഥികൾ തമ്മിൽ ചേരുന്നിടത്തുള്ളതിനേക്കാൾ വേദന അസ്ഥിയും തരുണാസ്ഥിയും (കാർട്ടിലേജ്) ചേരുന്നിടത്ത് ഉണ്ടാകാം.

റുമാറ്റിക് ഫീവർ അഥവാ വാതപ്പനി പോലുള്ള രോഗത്തിൽ അനുബന്ധ രോഗമായി ഹൃദയവാൾവുകൾക്ക് വരെ തകരാറ് സംഭവിച്ച് ഹൃദയത്തിന്റെ താളം തെറ്റിക്കാം.

ആട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ സന്ധികൾ ശരീരത്തെ നശിപ്പിക്കാൻ ഉണ്ടായ ഏതോ ശത്രുക്കളാണെന്ന രീതിയിൽ സ്വന്തം പ്രതിരോധശേഷി തെറ്റിദ്ധരിക്കുകയും തൽഫലമായി സന്ധികളെത്തന്നെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യാം.

ഒരേസമയം പല സിസ്റ്റങ്ങളെ അപകടപ്പെടുത്തി വൃക്ക, കരൾ തുടങ്ങി പല ഭാഗങ്ങളിലും കുഴപ്പമുണ്ടാക്കുന്ന വാത രോഗങ്ങളും കുറവല്ല.

വീഴ്ചയോ അപകടമോ സംഭവിച്ച് സന്ധികളിലുണ്ടാകുന്ന വീക്കവും വേദനയും കൃത്യമായ പരിഗണന നൽകി ചികിത്സിക്കാതിരുന്നാൽ അതും ക്രമേണ ആർത്രൈറ്റിസ് ആയി മാറാം. സന്ധികൾക്ക് വീക്കമുണ്ടാക്കി ചലനത്തെ കുറയ്ക്കുന്ന സ്പോണ്ടിലൈറ്റിസും തേയ്മാനത്തെ ഉണ്ടാക്കി രോഗം വർദ്ധിപ്പിക്കുന്ന സ്പോണ്ടിലോസിസും ശ്രദ്ധിക്കേണ്ടവ തന്നെ.

വേദന കാരണം അനക്കാതെ വച്ചിരിക്കുന്ന ചില സന്ധികൾ കട്ടയാകുകയും ഫ്രോസൺ ഷോൾഡർ പോലുള്ള അവസ്ഥയുണ്ടാകുകയും തോളും കഴുത്തും അനക്കാൻ കഴിയാത്ത വിധം വേദനയുണ്ടാവുകയും ചെയ്യാം.

ചില സ്ഥലങ്ങളിൽ ആർത്രൈറ്റിസ് കാരണം പൊതുവേ രക്തസഞ്ചാരം കുറവുള്ള ഭാഗങ്ങളിൽ എവാസ്കുലർ നെക്രോസിസ് എന്ന വാതരോഗവും കൂടി ബാധിക്കാം. ചില ഞരമ്പുകളുടെ പ്രവർത്തനങ്ങളെ കുഴപ്പത്തിലാക്കി പെരുപ്പും കഴപ്പും ബലക്കുറവുമുണ്ടാക്കുന്ന കാർപ്പൽ ടണൽ സിൻഡ്രോം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. മണിബന്ധ സന്ധികളെ ആശ്രയിച്ചാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. ഇതുപോലെ ഇടുപ്പിന്റെ ഭാഗത്തുനിന്ന് കാലുകളെ ആശ്രയിച്ച് സയാറ്റിക്ക എന്ന രോഗത്തിലും കാലുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒട്ടും നിസ്സാരമല്ല.

ജന്മനാ ഉണ്ടാകുന്ന ചില വാതരോഗങ്ങളും, ആൺകുട്ടികളിൽ പ്രത്യേകിച്ചും ഇടുപ്പിനെ ബാധിക്കുന്ന പെർത്ത്സ് ഡിസീസ് പോലുള്ളവയും വാതരോഗങ്ങൾ തന്നെയാണ്.

പരിശോധനകളും സാവകാശവും അനിവാര്യം

അപകടം, കളികൾ, പെട്ടെന്നുള്ള ചലനങ്ങൾ എന്നിവ കാരണമുള്ള പരിക്കുകൾ കാൽമുട്ടിലെ ലിഗമെൻറിനെ കുഴപ്പത്തിലാക്കാം. പരിക്കുകളുടെ സ്വഭാവം, തീവ്രത, പരിക്കേറ്റ വ്യക്തിയുടെ ജോലിയുടെ സ്വഭാവം, എത്രനാൾ വിശ്രമമെടുത്തു ചികിൽസിക്കാൻ സാധിക്കും എന്നിങ്ങനെ പല കാര്യങ്ങൾ പരിഗണിച്ചുള്ള ചികിത്സയാണ് ഇക്കാര്യത്തിൽ വേണ്ടത്. അല്ലാതെ ലിഗമെന്റിന് പരിക്കേറ്റാൽ ഉടൻ സർജറി എന്ന രീതിയിൽ വെപ്രാളപ്പെടേണ്ടതില്ല.

നട്ടെല്ലിനെ ആശ്രയിച്ച് നിരവധി രോഗങ്ങൾ സംഭവിക്കാം. ഓരോ ഭാഗത്തും ഉണ്ടാകുന്ന വീക്കം, വേദന,അസ്ഥിസാന്ദ്രതക്കുറവ് ,വളഞ്ഞു പോകൽ (സ്കോളിയോസിസ്, ലോർഡോസിസ്, കൈഫോസിസ് )എന്നിങ്ങനെ വാതരോഗവുമായി താരതമ്യം ചെയ്യാവുന്ന നിരവധി അവസ്ഥകൾ ഈ ഭാഗത്തുണ്ടാകാം. ഒരു ഭാഗത്തുണ്ടാകുന്ന കുഴപ്പങ്ങൾ സമീപസ്ഥമായ അസ്ഥികളേയും സന്ധികളേയും ക്രമേണ ബാധിച്ച് രോഗ തീവ്രത വർദ്ധിപ്പിക്കുകയും പുതിയ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.

വേദനാസംഹാരികൾ, സ്റ്റിറോയ്ഡ്,സർജറി എന്ന് കേൾക്കുമ്പോൾ പലരും അവയെല്ലാം മതിയാക്കി വാതചികിത്സയ്ക്ക് പോകാറുണ്ട്. അത് പാടില്ലെന്നാണ് എന്റെ അഭിപ്രായം. എന്നാൽ രോഗത്തിനെ ശരിയായി മനസ്സിലാക്കി അവയുടെ തീവ്രതയനുസരിച്ച് ചികിത്സിക്കാനുള്ള സാവകാശം കാണിക്കണമെന്നും അല്ലാതെ വീക്കവും വേദനയും കുറഞ്ഞാലുടൻ ചികിത്സ നിർത്തിവയ്ക്കരുതെന്നുമാണ്.

എക്സ് റേ, പ്രാഥമിക രക്തപരിശോധനകൾ, എ. എസ്. ഒ ടൈറ്റർ, ആർ.എ ഫാക്ടർ, ആൻറി ന്യൂക്ലിയർ ആൻറിബോഡി, ചിലപ്പോൾ എം.ആർ.ഐ സ്കാൻ തുടങ്ങിയ പരിശോധനകൾ നടത്തി ശരിയായ രോഗനിർണ്ണയം ചെയ്തു മാത്രമേ ചികിത്സ നിർണ്ണയിക്കാനും ചികിത്സാ കാലയളവ് നിർദ്ദേശിക്കാനും കഴിയൂ. അല്ലാതെ പെട്ടെന്നുണ്ടാകുന്ന ഒരു പരിക്കോ, ഉളുക്കോ, താൽക്കാലിക പ്രയാസങ്ങളോ മാറ്റുന്ന പോലെയല്ല ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യേണ്ടത്.

പല വാതരോഗങ്ങൾക്കും ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചെയ്യുന്ന ചികിത്സകൾ മതിയാകില്ലെന്ന് മനസ്സിലാക്കണം. അതിനൊപ്പം രോഗാവസ്ഥയ്ക്ക് അനുസരിച്ച് ഡോക്ടർ നിർദ്ദേശം നൽകുന്ന മുറയ്ക്ക് കിടത്തിച്ചികിത്സയും അനിവാര്യമായി വരും. പ്രത്യേകിച്ചും പഞ്ചകർമ്മചികിത്സകൾ.

വാതരോഗങ്ങൾ എന്ന് പൊതുവേ പറയുന്നവയിൽ ഇവിടെ പരാമർശിച്ചവയും അല്ലാത്തവയുമായ നിരവധി രോഗങ്ങളുണ്ട്. എന്നാൽ 'വാതരോഗമാണോ? ദേ ഈ മരുന്ന് കഴിച്ചാൽ മതി ' എന്ന രീതിയിലുള്ള പരസ്യങ്ങളും അനുഭവ സാക്ഷ്യങ്ങളും ഗുണം ചെയ്യില്ലെന്ന് ഇപ്പോൾ മനസ്സിലായല്ലോ? കാരണം വാതരോഗങ്ങൾ എന്ന് പൊതുവേ പറയുന്ന രോഗങ്ങൾ തന്നെ നിരവധിയാണ്. അയ്യായിരം വർഷം പാരമ്പര്യമുള്ള ആയുർവേദത്തിൽ പോലും 80 തരം വാതരോഗങ്ങൾ പറഞ്ഞിട്ടുണ്ട്. ആധുനിക ജീവിത രീതികൾ അവയുടെ എണ്ണം വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ? അല്ലെങ്കിൽതന്നെ ചികിത്സാസൗകര്യാർത്ഥം രോഗത്തിന്റെ വിവിധ ഘട്ടങ്ങൾ പ്രത്യേകമായി പരിഗണിക്കുന്നതാണ് നല്ലത്. അതുകൊണ്ട് 'എല്ലാ രോഗത്തിനും കൂടി ഒരു വാതരോഗസംഹാരി' എന്നത് കേവലം ആഗ്രഹം മാത്ര

മാണ്.