koyilandi

കൊയിലാണ്ടി: നഗരസഭയിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ചതോടെ മുന്നണികൾ വീടുകയറിയുള്ള പ്രചാരണം തുടങ്ങി. ഇടതുപക്ഷം എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് വാർഡുകളിൽ കൺവെൻഷൻ തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിക പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി. സുധാകരൻ പറഞ്ഞു. സീറ്റു മോഹികളുടെ എണ്ണമാണ് ഇവരുടെ തലവേദന.

ബി.ജെ.പി ഭാഗികമായി സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുതിർന്ന ആളുകളുടെ അനുഗ്രഹം വാങ്ങിയാണ് സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥന. ചെയർമാൻ അഡ്വ. കെ. സത്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു എന്നിവർ വീണ്ടും മത്സരിക്കുന്നു. കെ. സത്യൻ പതിനഞ്ചാം വാർഡിലും (പന്തലായനി സൗത്ത്) കെ. ഷിജു ഇരുപത്തി ഏഴാം വാർഡിലും (വരക്കുന്ന്) ജനവിധി തേടുന്നു. ഇവിടെ ഷിജുവിന് എതിരെ സി.പി.എം സഹയാത്രികൻ എൻ.വി. രവിയും രംഗത്തുണ്ട്. രവി മുൻ ഏരിയാ സെക്രട്ടറി എൻ.വി. ബാലകൃഷ്ണന്റെ സഹോദരനാണ്. ബാലകൃഷ്ണൻ പാർടി നടപടി നേരിട്ട് പുറത്താണ്.

ബാലകൃഷ്ണന്റെ ഭാര്യ കെ. ശാന്ത 2010-15 കാലത്ത് നഗരസഭാ ചെയർപേഴ്സൺ ആയിരുന്നു. പാർട്ടിയെ വെല്ലുവിളിച്ച് ദീർഘകാലം നഗരസഭയിൽ പോകാതിരിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് കെ. ശാന്തയെ പിന്തുണച്ച പത്തോളം വനിതാ കൗൺസിലർമാരും ഉണ്ടായിരുന്നു. അവർക്കൊന്നും ഇത്തവണ സീറ്റില്ല.

നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. മുൻ കൗൺസിലർ കെ.എ. ഇന്ദിര, സുധ കിഴക്കെപ്പാട് എന്നിവരെയാണ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്നത്. യു.ഡി.എഫിൽ നിലവിലുള്ളവരും മുൻ അംഗങ്ങളും മത്സരരംഗത്തുണ്ട്. കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം പി. രത്നവല്ലി നാൽപ്പത്തിരണ്ടാം വാർഡിലും ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീജാ റാണി പതിനട്ടാം വാർഡിലും മത്സരിക്കുന്നുണ്ട്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി മൂന്നാം തവണയും മത്സരിക്കുന്നു. ഇത്തവണ മുപ്പത്തി ഏഴാം വാർഡിലാണ് പരീക്ഷണം.

സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ. അജിത് പത്താം വാർഡിൽ ജനവിധി തേടുന്നു. ബി.ജെ.പിയിൽ നിന്ന് ഇത്തവണ പ്രമുഖർ രംഗത്തില്ല. കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡന്റ് വി.കെ. ഷാജി കാവും വട്ടം വാർഡിൽ മത്സരിക്കുന്നു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഡി.എഫിലെ കെ. ജീവാനന്ദൻ ഇത്തവണ പന്തലായനി ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ചിങ്ങപുരം ഡിവിഷനിൽ നിന്നാണ് ജീവാനന്ദൻ ജനവിധി തേടുന്നത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് വീണ്ടും ജനവിധി (ചേമഞ്ചേരി 19 വാർഡ്) തേടുന്നു. എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടി. കെ.ടി.എം. കോയ പന്തലായനി ബ്ലോക്ക് പഞ്ചായത്തിലേക്ക് എടക്കുളം ഡിവിഷനിൽ നിന്ന് മത്സരിക്കുന്നു. ഇലക്ട്രിസിറ്റി യുനൈറ്റഡ് ഡെമോക്രാറ്റിക്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സി. രാജൻ കീഴരിയൂർ പഞ്ചായത്തിൽ വാർഡ് എട്ടിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ സുഗതൻ അരിക്കുളത്തും പി. വേണു ചെങ്ങോട്ട് കാവിലും ജനവിധി തേടും.