panni

കുറ്റ്യാടി: മരുതോങ്കര അങ്ങാടിയുടെ സമീപ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. സെന്റ് ജോസഫ്സ് അഡോറേഷൻ കോൺവെന്റിനോട് ചേർന്ന കൃഷിയിടത്തിൽ മൂപ്പെത്താറായ കപ്പകൃഷിയാണ് രാത്രിയിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. കോൺവെന്റിലെ സിസ്റ്റർമാർക്കും അവിടെ ഹോസ്റ്റലിൽ താമസിക്കുന്നവർക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വർഷങ്ങളായി ഉണ്ടാക്കുന്ന സ്ഥലമാണിതെന്നും നേരത്തെ ഒരിക്കൽ പോലും കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ലെന്നും മദർ സിസ്റ്റർ വിക്ടിമ പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അവർ പറഞ്ഞു.
മുള്ളൻകുന്ന് അങ്ങാടിയുടെ സമീപമാണിതെന്നത് കർഷകരിൽ ഭീതിയുണ്ടാക്കുന്നു. നാളുകൾക്ക് മുമ്പ് ഇതിനടുത്ത് കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നു. രാത്രിയിലായതിനാൽ ജനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടു. ഇത്തരം കാട്ടുമൃഗങ്ങളുടെ വരവോടെ സാധാരണ കർഷകർക്കുപോലും സ്വൈര്യമായി ഒരു കൃഷിയും നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. മരുതോങ്കര കൃഷിഭവൻ സ്ഥിതിചെയ്യുന്ന പറമ്പിലാണ് സംഭവം.

കൃഷിനാശം സംഭവിച്ച കോൺവെന്റിൽ കേരള ഇന്റിപെന്റൻഡ് ഫാർമേർസ് അസോസിയേഷന്റെ ( കെ.ഐ എഫ് എ) നേതാക്കളായ ജോർജ്ജ് കുമ്പ്ളാനിക്കൽ, മനോജ് കുമ്പ്ളാനിക്കൽ, തോമസ് കാഞ്ഞിരത്തിങ്കൽ, ബിജോയി നെല്ലരികയിൽ, ആന്റണി നീർവയലിൽ എന്നിവർ സന്ദർശിച്ചു. കർഷകർക്കെതിരെ നടക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും സർക്കാർ വകുപ്പുകളും ആവശ്യമായ പരിഗണന നൽകാത്തതിനെ നേതാക്കൾ കുറ്റപ്പെടുത്തി. നിയമ പരിരക്ഷ ആവശ്യമെങ്കിൽ കിഫയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.