kaya

ആലക്കോട്: മാരക വിഷം തെളിച്ച ഏത്തപ്പഴങ്ങൾ അതിർത്തി കടന്ന് എത്തുന്നതോടെ വിപണി തകർന്ന് നാടൻ ഏത്തവാഴ കർഷകർ. ഒരു മാസം മുൻപ് വരെ കിലോയ്ക്ക് 50 രൂപ വരെ ലഭിച്ച പഴങ്ങൾക്ക് ഇപ്പോൾ 20-30 വരെയായാണ് വിലയിടിഞ്ഞത്. പത്ത് മാസത്തോളം നൊന്ത് പണിയെടുത്ത കർഷകർ കണ്ണീരിലായപ്പോൾ ഇടനിലക്കാർ ലാഭം കൊയ്യുകയാണ്.

കർണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാഴക്കുലകൾ ഇവിടെ നാടൻ എന്ന വ്യാജേനയാണ് വിൽക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ വീട്ടാവശ്യത്തിന് പുറമേയുള്ള ഏത്തവാഴകളിൽ വാഴക്കുലയുടെ വലുപ്പം കൂട്ടുന്നതിനും കീടബാധ ഒഴിവാക്കുന്നതിനും കൂടിയ അളവിൽ രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കും. സാധാരണ വിളവ് ലഭിക്കുന്ന വാഴക്കുലകൾ 10 മുതൽ 15 കിലോഗ്രാം വരെ മാത്രമേ തൂക്കം ഉണ്ടാകൂ. എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പനയ്‌ക്ക് എത്തിക്കുന്ന വാഴക്കുലകൾ 25 മുതൽ 40 കിലോ വരെ തൂക്കമുള്ളവയാണ്. ഇപ്പോഴത്തെ കൃഷിച്ചെലവ് കണക്കുകൂട്ടിയാൽ 35 രൂപയെങ്കിലും വില ലഭിച്ചാൽ മാത്രമേ ഏത്തവാഴ കൃഷി നഷ്ടമില്ലാതെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് കർഷകർ പറയുന്നു. ഏത്തവാഴക്കുലകൾക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 30 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കാട്ടുപന്നിയുടെയും കുരങ്ങുകളുടെയുമൊക്കെ ശല്യം മൂലമുണ്ടാകുന്ന നഷ്ടം സഹിച്ച് വിപണിയിലെത്തിക്കുന്ന നാടൻ വാഴക്കുലകൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് മലയോര കർഷകരുടെ ആവശ്യം.