കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ യുവാവിന്റെ നിരന്തര ഭീഷണിയിൽ മുണ്ടയാട് സ്വദേശിനിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി. യുവാവിന്റെ ബന്ധുവായ ഡെപ്യൂട്ടി മേയറും പൊലീസും ഒത്തുകളിച്ചതായും ജീവൻ അപായപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ഒരുമാസം മുമ്പാണ് പെൺകുട്ടിയോട് ചാലോട് സ്വദേശി ജിതിൻ പ്രണയാഭ്യർഥന നടത്തിയത്. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. പിന്നീട് നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് പെൺകുട്ടി പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തിയും വീട്ടിലേക്കുള്ള വഴിയിൽ വെച്ചും ശല്യപ്പെടുത്തുന്നതായാണ് പരാതി. സംഭവം നേരത്തെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ജേഷ്ഠന്റെ മകനാണ് ജിതിനെന്നും പറയുന്നു. ഇതോടെ പ്രശ്നം ഡെപ്യൂട്ടി മേയർ ഇടപെട്ട് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് ഉണ്ടായെന്നും പെൺകുട്ടി പറയുന്നു. വീണ്ടും ശല്യപ്പെടുത്തലും ഭീഷണിയും രൂക്ഷമായപ്പോൾ പെൺകുട്ടി പൊലീസിനെ അറിയിച്ചെങ്കിലും യുവാവിനെ താക്കീത് ചെയ്ത് വിട്ടയച്ചു. പിന്നീട് യുവാവ് വീണ്ടും പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഭീഷണിപ്പെടുത്തിയതോടെയാണ് വനിതാ പൊലീസിനെ സമീപിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ വനിതാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നും ജീവന് ഭീഷണി ഉണ്ടെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.