നീലേശ്വരം: നഗരസഭയെയും കൗൺസിൽ തീരുമാനത്തെയും വിശ്വസിച്ച് സ്വന്തം വാർഡിൽ വികസനത്തിന് പണം മുടക്കിയ കൗൺസിലർ ഒടുവിൽ കബളിപ്പിക്കപ്പെട്ടു. കടിഞ്ഞിമൂലയിൽ നടപ്പാലവും തോണിയും ഏർപ്പാടാക്കിയ കെ.വി. അമ്പാടിയാണ് മുടക്കിയ ഒന്നര ലക്ഷം രൂപ ആര് തിരിച്ചു തരും എന്നറിയാതെ സങ്കടപ്പെടുന്നത്.
സ്വന്തം വാർഡായ മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലത്തിൽ നിന്ന് അമ്മയും കുഞ്ഞും പുഴയിൽ വീണ സംഭവത്തോടെയാണ് കഥ ആരംഭിക്കുന്നത്. പ്രശ്നം കൗൺസിലറായ അമ്പാടി അന്നു തന്നെ നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തി. ഗൗരവം മനസിലാക്കിയ നഗരസഭ പിറ്റേന്ന് തന്നെ അടിയന്തിര കൗൺസിൽ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു. മാട്ടുമ്മൽ കടവിന് തോണി ഏർപ്പെടുത്താനും നടപ്പാലം അറ്റകുറ്റപ്പണി ചെയ്യാനും വാർഡ് കൗൺസിലർ അമ്പാടിയെ ചുമതലപ്പെടുത്തി. ഇതിനുള്ള ഫണ്ട് അനുവദിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. ശുദ്ധഗതിക്കാരനായ അമ്പാടി പിറ്റേന്ന് തന്നെ കടത്ത് തോണി ഏർപ്പാടാക്കി. ഈ സമയത്താണ് തുരുത്തി നീലമംഗലം ക്ഷേത്രത്തിൽ പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നത്. അമ്പാടി സ്വന്തം കീശയിൽ നിന്ന് പണമെടുത്ത് പാലവും അറ്റകുറ്റപണി ചെയ്തു.
ഇതിനെല്ലാം ചെലവായ 1,59,700 രൂപയുടെ ബില്ല് അമ്പാടി നഗരസഭ സെക്രട്ടറിക്ക് കൊടുത്തു. ഉദ്യോഗസ്ഥർ പല ന്യായങ്ങളും പറഞ്ഞ് മടക്കിയതോടെ അമ്പാടിയ്ക്ക് താൻ കബളിപ്പിക്കപ്പെട്ടെന്ന് ബോദ്ധ്യമായി.വിഷയം കൗൺസിൽ യോഗത്തിൽ പല പ്രാവശ്യം അമ്പാടി ഉന്നയിച്ചെങ്കിലും നടപടിയില്ലാതെ കൗൺസിൽ കാലാവധിയും കഴിഞ്ഞു. പിന്നീട് വന്ന കൗൺസിലിലും വിഷയം ഉന്നയിച്ചെങ്കിലും അവരും കൈമലർത്തി. ഈ വാർദ്ധക്യത്തിലും 10 വർഷമായി നഗരസഭ ഓഫീസ് കയറിയിറങ്ങി മടുത്തിരിക്കുകയാണ് അമ്പാടിക്ക്.