dddd

തിരുവനന്തപുരം: കൊവിഡ് ആശങ്കകൾക്കിടയിലും ദീപാവലിയെ വരവേൽക്കാനൊരുങ്ങി നഗരം. മാറ്റ് കുറവാണെങ്കിലും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആഘോഷിക്കാൻ ഒരുങ്ങുകയാണ് നഗരവാസികൾ. ദീപാവലിക്ക് ഒരുദിവസം മാത്രം ശേഷിക്കേ പടക്കവിപണിയും ഉഷാറായിട്ടുണ്ട്. പടക്കവില്പനയ്‌ക്ക് പ്രശസ്‌തമായ പൂഴിക്കുന്നിലെ പടക്കക്കടകളെല്ലാം സജീവമായി. അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ 15 ഓളം കടകളാണ് ഇവിടെയുള്ളത്. ദീപാവലി സ്‌പെഷ്യൽ പടക്കങ്ങളുടെ വലിയ ശേഖരം ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. ചൈനീസ് ഇനങ്ങൾക്കൊപ്പം ഇന്ത്യൻ നിർമിതമായ വിവിധ ഫാൻസി ഇനങ്ങളും വില്പനയ്ക്കുണ്ട്. 'പടാപടാ' പൊട്ടുന്ന നാടൻ പടക്കങ്ങളാണ് പൂഴിക്കുന്നിലെ ഹൈലൈറ്റ്. ഹോളി കാർട്ടൂൺ, വിസിൽസ്, ക്രേസി ബൂം, ടൈറ്റാനിക്ക്, ഒമ്പത് വർണങ്ങളിലുള്ള 15 സെന്റിമീറ്റർ നീളമുള്ള കമ്പിത്തിരികൾ, പവർ പോട്ട് തുടങ്ങിയവയും ഫൺ ഫന്റാസ്റ്റിക്ക്, പുക മലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങളും നാടൻ പടക്കങ്ങളും, ആകാശത്ത് വർണക്കാഴ്ച ഒരുക്കുന്ന പടക്കം, പൊട്ടിക്കഴിഞ്ഞാൽ മാലിന്യം ശേഷിക്കാത്ത മാലപ്പടക്കം തുടങ്ങിയ വിവിധ ഇനങ്ങൾ പൂഴിക്കുന്ന് ആശാന്മാരുടെ പക്കലുണ്ട്. തറച്ചക്രം, ഫയർ പെൻസിൽ, റോക്കറ്റ്, ചെറിയ ശബ്ദത്തോടെ പൊട്ടുന്ന കുരുവി പടക്കം എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. ഇത്തവണ രാത്രി എട്ട് മുതൽ 10 വരെ രണ്ട് മണിക്കൂർ മാത്രമേ പടക്കം പൊട്ടിക്കാൻ അനുമതിയുള്ളൂ. ചാല, കിഴക്കേകോട്ട, പാളയം ഭാഗങ്ങളിലെല്ലാം ചിരാത് അടക്കമുള്ള വസ്‌തുക്കളുടെ വഴിയോരക്കച്ചവടവും സജീവമായി.

 മധുരം നിറയ്ക്കാൻ മിഠായിപ്പെട്ടികൾ

കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളില്ലെങ്കിലും ബേക്കറികളിലെല്ലാം മധുരം നിറഞ്ഞുകഴിഞ്ഞു. ബംഗാളി മധുരങ്ങളാണ് ഇത്തവണയും മുന്നിട്ടു നിൽക്കുന്നത്. പാൽഗോവ, മിൽക്ക് ബർഫി, മിൽക്ക് പേഡ, ആപ്പിൾ പേഡ, മിൽക്ക് റോൾ, ഗീപാക്ക്, ബംഗാളി ഹൽവ തുടങ്ങിയ മധുര പലഹാരങ്ങൾ അടങ്ങിയ ബോക്‌സായി മധുരം വാങ്ങാം. ആവശ്യാനുസരണം പലഹാരങ്ങൾ തൂക്കിയും നൽകും. മൈസൂർ പാക്ക്, ലഡു, ഹൽവ, ഗീവട, പാൽ കേക്ക് തുടങ്ങിയ മധുര പലഹാരങ്ങളും സജീവമാണ്. കിലോയ്‌ക്ക് 150 രൂപ മുതൽ മുകളിലേക്കാണ് വില. ഈ വർഷം തിരക്ക് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പലയിടങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതും കച്ചവടത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ. അതേസമയം ഓൺലൈനായി സ്വീറ്റ് ബോക്‌സുകൾ വിൽക്കുന്നവരുടെ എണ്ണം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്.