കേന്ദ്ര അന്വേഷണ ഏജൻസികൾ ചമച്ച പത്മവ്യൂഹത്തിന് നടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വർണക്കടത്തിനും ലൈഫിനും പുറമെ സർക്കാരിന്റെ വമ്പൻ പദ്ധതികളിലെല്ലാം പിടിമുറുക്കിയിരിക്കുകയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സർക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സി.ബി.ഐ കാത്തുനിൽക്കുന്നു. സ്വർണക്കടത്ത് പ്രതികളുടെ ഉന്നത സ്വാധീനം കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കാത്തിരിക്കുകയാണ് എൻ.ഐ.എ. ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസിനാണ് കസ്റ്റംസ് നീക്കം. മതഗ്രന്ഥങ്ങൾ ചട്ടവിരുദ്ധമായി വിതരണം ചെയ്തകേസിൽ മന്ത്രി കെ.ടി ജലീലും അറസ്റ്റിന്റെ നിഴലിലാണ്.
മുഖ്യമന്ത്രിയുടെ വലംകൈയും അഡി.പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയപ്പോൾ തന്നെ മുഖ്യമന്ത്രിയിലേക്കാണ് ഇ.ഡി നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രവീന്ദ്രനെ ഡിസ്ചാർജ് ചെയ്താലുടൻ ഇ.ഡി ചോദ്യംചെയ്യും. രവീന്ദ്രന്റെ ആഞ്ജാനുവർത്തിയായിരുന്നു ശിവശങ്കറെന്നാണ് ഇ.ഡി പറയുന്നത്. രവീന്ദ്രനെ കിട്ടിയാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ക്രമക്കേടുകളുടെയെല്ലാം ചുരുളഴിക്കാമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായാണ് സ്വർണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചത്.
പല വഴികളിലായെത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ വളയുകയാണ് ഇ.ഡി. സർക്കാർ പദ്ധതികളിൽ ക്രമക്കേട് കാട്ടിയെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് രവീന്ദ്രനും ശിവശങ്കറിനും പുറമെ മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കൂടി ചോദ്യംചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. സ്വർണക്കടത്ത് പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് അറിയാമായിരുന്നോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇ.ഡി പരിശോധിക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും. രണ്ട് കമ്പനികൾക്ക് മാത്രമായി ലൈഫിലെ 26കരാറുകൾ ലഭിച്ചതിലും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ്. ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ഈ കമ്പനികൾക്ക് വിവരങ്ങൾ ചോർന്നുകിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്രിമം നടന്നോയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.
വിരട്ടൽ ഏശിയില്ല, കൂസാതെ ഇ.ഡി
നാല് ഐ.ടി, അനുബന്ധ പദ്ധതികളിലേക്കും മുഖ്യമന്ത്രിയുടെ വലംകൈയും അഡി.പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനിലേക്കും അന്വേഷണം വ്യാപിപ്പിച്ചപ്പോൾ, തടയിടാൻ സർക്കാർ ശ്രമിച്ചെങ്കിലും തരിമ്പും കൂസാതെ മുന്നോട്ടുപോവുകയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയെയും ശിവശങ്കറിനെയും മാരത്തോണായി ചോദ്യംചെയ്ത് സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളും കരാറുകളിലെ തരികിടകളും ഇ.ഡി കണ്ടെത്തിക്കഴിഞ്ഞു. കെ-ഫോൺ, ഇ-മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്‌മാർട്ട്സിറ്റി വികസനം എന്നീ പദ്ധതികളുടെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടപ്പോൾ, നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഉദ്യോഗസ്ഥരോട് വിശദീകരണംതേടി. ഇ.ഡി അധികാരപരിധി മറികടന്നെന്നാരോപിച്ച് ബൂത്തുതലം വരെ സമരത്തിന് സി.പി.എം പദ്ധതിയിട്ടു. ഇ.ഡിയെ തടയാൻ നിയമവഴികൾ തേടുകയാണ് സർക്കാർ. ഈ പ്രതിരോധങ്ങളൊന്നും വകവയ്ക്കാതെ മുന്നോട്ടുപോവുകയാണ് ഇ.ഡി.
അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം സർക്കാരും സിപിഎമ്മും ഉയർത്തുന്നതിനിടെയാണ്, സർക്കാർ പദ്ധതികളിലെ കള്ളപ്പണ,ബിനാമി, കോഴയിടപാടുകൾ ഇ.ഡി കോടതിയെ അറിയിച്ചത്. വടക്കാഞ്ചേരി ഭവനപദ്ധതിയിൽ മാത്രമല്ല, ലൈഫ്പദ്ധതിയിലാകെ ക്രമക്കേടുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. വടക്കാഞ്ചേരിയിലേതു പോലെ വിദേശസഹായത്തോടെ നിരവധി ഫ്ലാറ്റ്‌സമുച്ചയമുണ്ടാക്കാൻ ശിവശങ്കറും സ്വപ്നയും പദ്ധതിയിട്ടെന്നും കണ്ടെത്തി.
ക്രമക്കേടുകൾ ഇ.ഡി അക്കമിട്ടുനിരത്തിയതോടെ, പദ്ധതിരേഖകൾ നൽകാതിരിക്കാൻ സർക്കാരിനാവില്ല. സർക്കാർ നയങ്ങളെക്കുറിച്ചല്ല, പദ്ധതികളിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി വ്യക്തമാക്കുന്നു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇത് തെളിയിക്കാനാണ് രേഖകൾ ആവശ്യപ്പെട്ടത്.
കൊച്ചി സ്‌മാർട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനികളുമായുള്ള 4000കോടിയുടെ ഇടപാടുകൾക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്കറും ഇടപെടലുകൾ എന്തൊക്കെയാണെന്ന് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. കെ-ഫോണിൽ ടെൻഡർ തുകയേക്കാൾ 49 ശതമാനം കൂട്ടിയാണ് കരാർ നൽകിയത്. 1028കോടിയായിരുന്നു ടെൻഡർതുകയെങ്കിൽ മന്ത്രിസഭാതീരുമാനം കാക്കാതെ ശിവശങ്കർ ഇടപെട്ട് 1531കോടിക്ക് കരാർ നൽകി. ഒരുപദ്ധതിയിൽ 30കോടി കോഴ ദുബായിൽ കൈമാറിയതായും ഇ.ഡിക്ക് വിവരംകിട്ടി. ടെക്നോപാർക്കിൽ അമേരിക്കയിലെ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും എംബസിഗ്രൂപ്പും ചേർന്നുള്ള ഐ.ടി, അടിസ്ഥാനസൗകര്യ പദ്ധതിയിലും വൻക്രമക്കേടുണ്ട്. സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഇ.ഡിയുടെ ഈ അന്വേഷണങ്ങൾ.
ശിവശങ്കറിലൂടെ സർക്കാരിലേക്ക്
ഐ.ടി.വകുപ്പിന്റെ സർവാധികാരിയായിരിക്കെ ശിവശങ്കർ മുൻകൈയെടുത്ത പദ്ധതികളെക്കുറിച്ചെല്ലാം ഇ.ഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളപ്പണ-ബിനാമി ഇടപാടുകൾക്ക് ശിവശങ്കർ വഴിയൊരുക്കിയോയെന്നാണ് സർക്കാർ പദ്ധതികളുടെ രേഖകളുടെ പരിശോധനയിലൂടെ ഇ.ഡി ലക്ഷ്യമിടുന്നത്. പദ്ധതികളിൽ കള്ളപ്പണ-കോഴയിടപാടുകൾക്ക് കൺസൾട്ടൻസികൾ വഴിയൊരുക്കിയെന്നാണ് സംശയം. കെ-ഫോൺ പദ്ധതിയിൽ ഏഴ് കൺസൾട്ടൻസിക്കായി ചെലവിട്ടത് 3.32കോടി രൂപയാണ്. ധനവകുപ്പ് എതിർത്തിട്ടും, ലണ്ടനിലെ പ്രൈസ് വാട്ടർഹൗസ്‌കൂപ്പറിനെ കൺസൾട്ടന്റാക്കി ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിലും ദുരൂഹതയുണ്ട്. ഈ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് ഇ.ഡി.
ധൃതിവയ്ക്കാതെ സി.ബി.ഐ
ലൈഫ്കോഴക്കേസിൽ ലൈഫ് മിഷനിലെ അന്വേഷണത്തിന് രണ്ടുമാസത്തെ താത്കാലിക വിലക്ക് സി.ബി.ഐയ്ക്കുണ്ട്. ഹൈക്കോടതിയുടെ ഈ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്ന ഒരുകോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന് ഇ.ഡി കണ്ടെത്തിയത്. 4.48കോടിയുടെ കോഴ ഐ.എ.എസ് ഉദ്യോഗസ്ഥനടക്കം പങ്കുവച്ചെന്ന് സി.ബി.ഐ കോടതിയിൽ നിലപാടെടുത്താൽ തടയിടാൻ സർക്കാരിനാവില്ല. വടക്കാഞ്ചേരിയിൽ മാത്രമല്ല, ലൈഫ് പദ്ധതിയിലാകെ ശിവശങ്കർ ക്രമക്കേട് കാട്ടിയെന്ന ഇ.ഡി കണ്ടെത്തൽ സർക്കാരിന്റെ അഭിമാനപദ്ധതിയെ പ്രതിസന്ധിയിലാക്കുന്നതാണ്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിച്ചതിനുശേഷം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ സ്വപ്‌ന വഴി 99,900 രൂപ വിലയുള്ള ഐഫോൺ-11പ്രോ ശിവശങ്കറിന് നൽകിയതും കോഴയാണെന്നാണ് സി.ബി.ഐ നിലപാട്.
നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നതഉദ്യോഗസ്ഥർക്കും ജനസേവകർക്കും ഉൾപ്പെടെ വീതംവച്ചതായി സി.ബി.ഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥൻ കോഴയിടപാടിൽ ഭാഗമായതിനാൽ നിലവിലെ വിദേശസഹായനിയന്ത്രണ ചട്ടലംഘനത്തിനൊപ്പം അഴിമതിവിരുദ്ധ നിയമം കൂടി ചുമത്തി സി.ബി.ഐ എഫ്.ഐ.ആർ ഭേദഗതി ചെയ്യും. സി.ബി.ഐ അന്വേഷണത്തിന് ബദലായി സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന് ഇതോടെ പ്രസക്തിയില്ലാതാവും. വിദേശസഹായനിയന്ത്രണ ചട്ടലംഘനം അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് മാത്രമാണ് അധികാരം.