തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്ന് തുടക്കമാകും. പത്ത് ദിവസം നീളുന്ന തിരുനാളിന് ഇക്കുറി ആഘോഷങ്ങളുണ്ടാവില്ല. 22 വരെയാണ് തിരുനാൾ.ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് ഇടവക വികാരി ഫാ.ജോർജ് ജെ ഗോമസ് കൊടിയേറ്റും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6ന് ദിവ്യകാരുണ്യ ആരാധന. 6.30നും 8.30നും 11നും വൈകിട്ട് 3നും 5.30നും സമൂഹദിവ്യബലിയും രാത്രി 7ന് ക്രിസ്തുരാജ പാദപൂജയും. 21ന് വൈകിട്ട് 4.30ന് സന്ധ്യാപ്രാർത്ഥനയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 6ന് ക്രിസ്തുരാജ പ്രതിമയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം പ്രദക്ഷിണത്തിന് വികാരിയുൾപ്പടെ 20 പേർക്കേ പങ്കെടുക്കാൻ അനുവാദമുള്ളൂ. 22ന് വൈകിട്ട് 5.30ന് പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും.തിരുനാൾ ദിവസങ്ങളിൽ പള്ളിയുടെ അകത്തും പുറത്തും പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടാകും. 40 പേർക്ക് മാത്രമേ ദേവാലയത്തിനുള്ളിൽ പ്രവേശനമുണ്ടാകൂ. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ കുർബാനയിൽ പങ്കെടുക്കാനാകൂ. കച്ചവടസ്ഥാപനങ്ങളും ഉണ്ടാവില്ല.