editorial-

ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുദ്ദേശിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഓർഡിനൻസിൽ അപകടം മണക്കുന്നവർ ധാരാളമാണ്. എന്നാൽ ഇത്തരത്തിലൊരു നിയമം വളരെ നേരത്തേതന്നെ വേണ്ടിയിരുന്നതാണെന്ന അഭിപ്രായക്കാർക്കായിരിക്കും മുൻതൂക്കം. സമൂഹമാദ്ധ്യമങ്ങൾ അത്രയധികം അതിരുകൾ ഭേദിച്ചതാണു കാരണം. പുതിയ നിയമ പ്രകാരം ഫേസ്‌ബുക്ക്, ആമസോൺ പ്രൈം വീഡിയോ, നെറ്റ്‌ ഫ്ളിക്സ് എന്നീ വമ്പൻ ഒ.ടി.ടി പ്ളാറ്റ്‌ഫോമടക്കം സമൂഹമാദ്ധ്യമങ്ങൾ ഒന്നാകെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാകും. സർവതന്ത്ര സ്വതന്ത്രമായി പ്രവർത്തിക്കുന്ന കണക്കില്ലാത്ത വാർത്താ പോർട്ടലുകൾക്കും ഇനിമുതൽ നിയന്ത്രണം ബാധകമാകും. ചുരുക്കത്തിൽ, തോന്നിയതെന്തും വിളിച്ചുപറയാനും ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനുമുള്ള ഓൺലൈൻ സ്വാതന്ത്ര്യത്തിനാണ് വിലങ്ങുവീഴാൻ പോകുന്നത്. ഇവയുടെ ഉള്ളടക്കം നിയന്ത്രിക്കാനും നിരീക്ഷണം ഏർപ്പെടുത്താനും വാർത്താവിതരണ വകുപ്പിന് അധികാരമുണ്ടായിരിക്കും. നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും സ്വഭാവം ഏതുതരത്തിലായിരിക്കുമെന്ന് അറിവായിട്ടില്ല. വിശദാംശങ്ങളെല്ലാം വരാനിരിക്കുന്നതേയുള്ളൂ. സമൂഹ മാദ്ധ്യമങ്ങളുടെ നിയന്ത്രണം വാർത്താവിതരണ വകുപ്പിനെ ഏല്പിക്കാനുള്ള തീരുമാനത്തെ സെൻസർഷിപ്പായി വിമർശിച്ചുകൊണ്ട് പലരും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ ഒരുനേരമെങ്കിലും കടന്നുപോകുന്നവർക്ക് ഇപ്പോൾ കൊണ്ടുവന്ന നിയമത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടാതിരിക്കില്ല. നിയമങ്ങൾക്കു നിരക്കാത്ത ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളെ പിടികൂടാനും ശിക്ഷിക്കാനും ഇപ്പോൾത്തന്നെ നിയമമുള്ളപ്പോൾ വാർത്താവിതരണ വകുപ്പിന് വിപുലമായ അധികാരങ്ങൾ നൽകി അവയെ ചൊല്പടിയിൽ നിറുത്താനാണ് സർക്കാർ ഉന്നംവയ്ക്കുന്നതെന്ന ആക്ഷേപത്തിൽ അധികം കഴമ്പൊന്നുമില്ല. സഭ്യതയുടെ സകല അതിർത്തികളും ഉല്ലംഘിച്ചുകൊണ്ടുള്ളതാണ് പലതിലെയും ഉള്ളടക്കങ്ങൾ.

ഒ.ടി.ടി പ്ലാറ്റ്‌‌ഫോമുകളിലെ ചലച്ചിത്രങ്ങൾ, ഓഡിയോ വിഷ്വൽ പരിപാടികൾ, പോർട്ടലുകളിലെ വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവയുൾപ്പെടെ എല്ലാം അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസത്തിനും തീർപ്പിനും അനുസൃതമായാണു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നിയന്ത്രണത്തിനും നിരീക്ഷണത്തിനും സംവിധാനമൊന്നുമില്ലാത്തതിനാൽ പൈതൃകത്തിനും സംസ്കാരത്തിനും ദേശീയതയ്ക്കു തന്നെയും വിരുദ്ധമായ ഉള്ളടക്കങ്ങൾ സ്വതന്ത്രമായി രാജ്യം ഒന്നാകെ പ്രചരിക്കുന്നുണ്ട്. ആരും നിയന്ത്രിക്കാനില്ലാത്ത ഇത്തരമൊരു സാഹചര്യം ഏറ്റവും അപകടകരമായിത്തീരുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതിർത്തിയിലെ സംഘർഷങ്ങൾ, രാജ്യത്തു ഭിന്നവിഭാഗങ്ങൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ മുൻനിറുത്തിയുള്ള ഏറ്റുമുട്ടലുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഉത്തരവാദിത്വബോധമില്ലാത്തവർ പടച്ചുവിടുന്ന വിഷം പുരട്ടിയ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും സമൂഹത്തിന് എത്രമാത്രം അപകടകാരികളാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആമസോൺ പ്രൈം വീഡിയോ, നെറ്റ് ഫ്ലിക്സ്, ഡിസ്‌നി, ഹോട്ട് സ്റ്റാർ തുടങ്ങിയവ രാജ്യത്തെ പരമ്പരാഗത ചലച്ചിത്ര മേഖലയ്ക്കു തന്നെ വൻ ഭീഷണിയായി മാറിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഇവയുടെ ആധിപത്യം ഏറെ ബോദ്ധ്യപ്പെട്ടിരുന്നു. ചലച്ചിത്ര മേഖലയിലെ പല സംഘടനകളും ഇതിനെതിരെ വൻ പ്രതിഷേധവും ഉയർത്തിയിരുന്നു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുകപോലുമില്ലാതെയാണ് പല ഓൺലൈൻ ഭീമന്മാരും ഇവിടെ പ്രവർത്തിക്കുന്നത്. പുതിയ നിയമം ഈ സ്ഥിതിക്കു മാറ്റം വരുത്തും. രജിസ്ട്രേഷൻ എടുത്താലേ ഇനിമുതൽ ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാനാകൂ. വാർത്താ പോർട്ടലുകൾക്ക് ന്യൂസ്‌പേപ്പർ രജിസ്ട്രാറുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇതിനായി പ്രത്യേക നിയമം തന്നെ കൊണ്ടുവരും. ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ വാർത്തകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. ഓൺലൈൻ വഴി പുറത്തുവിടുന്ന എല്ലാവിധ ഉള്ളടക്കവും മേലിൽ നിരീക്ഷണവിധേയമാകുമെന്നാണ് കരുതേണ്ടത്.

സ്വതന്ത്രമായ അഭിപ്രായപ്രകടനമെന്ന മട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന അധിക്ഷേപങ്ങൾക്ക് പരിധിയൊന്നുമില്ല. സർക്കാരുകളും സ്ഥാപനങ്ങളും മാത്രമല്ല വ്യക്തികൾ പോലും ഇതിന്റെ ദുരന്തം നേരിടേണ്ടിവരുന്നു. സൈബർ നിയമമടക്കമുള്ള പരിരക്ഷ മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. അതാകട്ടെ ഏറെ കടമ്പകളുള്ളവയുമാണ്. സൈബർ ആക്രമണങ്ങളിൽപെട്ട് മാനത്തോടൊപ്പം പണവും നഷ്ടമാകുന്നവർ അനവധിയുണ്ട്.

ഒ.ടി.ടി പ്ളാറ്റ്‌ഫോം അടക്കം ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക നിയമം വേണമെന്ന ആവശ്യവുമായി ഹർജി സുപ്രീംകോടതിയുടെ മുമ്പിലിരിക്കുമ്പോഴാണ് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇന്റർനെറ്റ് - മൊബൈൽ രംഗത്തെ ചില വൻനിരക്കാർ ചേർന്ന് നേരത്തെ സ്വയം നിയന്ത്രണത്തിനുള്ള നിർദ്ദേശങ്ങളടങ്ങിയ ഒരു പദ്ധതി സർക്കാരിനു സമർപ്പിച്ചിരുന്നെങ്കിലും അത് സ്വീകാര്യമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. സ്വയം നിയന്ത്രണത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി എപ്പോഴും നടത്തിപ്പുകാരുടെ താത്‌പര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സമൂഹത്തിന്റെ നന്മയും താത്‌പര്യവും മിക്കപ്പോഴും അവഗണിക്കപ്പെടുകയേ ഉള്ളൂ എന്നു മനസിലാക്കാൻ വിശേഷജ്ഞാനമൊന്നും വേണ്ട. രാജ്യത്തെ അച്ചടി - ദൃശ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമമുള്ളപോലെ ഡിജിറ്റൽ മാദ്ധ്യമങ്ങൾക്കും രാജ്യതാത്പര്യങ്ങൾക്ക് അനുസൃതമായ നിലയിൽ നിയന്ത്രണ ചട്ടക്കൂട് അനിവാര്യമാണ്. അത്തരത്തിലൊന്ന് ഇല്ലാത്തതിന്റെ ദൂഷ്യഫലങ്ങൾ ഏറെ പ്രകടമാണിന്ന്. സെൻസറിംഗ് കൂടാതെ ലോക്ക് ഡൗൺ കാലത്ത് ഒ.ടി.ടിയിലൂടെ ഇറങ്ങിയ ചില സിനിമകളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നുയർന്ന വിമർശനം കാണാതെ പോകരുത്. ഇന്ത്യ പോലൊരു രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാണിക്കാമെന്നുവച്ചാൽ ഫലം വലിയ ദുരന്തമായിരിക്കും. എതിരാളികളെ വ്യക്തിഹത്യ ചെയ്യാനും നിർവീര്യമാക്കും വിധം അധിക്ഷേപങ്ങൾ കൊണ്ടു മൂടാനും വാർത്താ പോർട്ടലുകൾ ഉപയോഗിക്കുന്നവരുടെ സംഖ്യയും പെരുകിവരികയാണ്. സ്ത്രീകൾക്കെതിരെയും സൈബർ അധിക്ഷേപങ്ങളും അതിക്രമങ്ങളും വർദ്ധിക്കുന്നതിൽ നവമാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നവമാദ്ധ്യമങ്ങൾക്ക് ബാധകമാകാൻ പോകുന്ന നിയന്ത്രണങ്ങളുടെ പൊതുസ്വഭാവം എന്തെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. അവ പുറത്തുവരട്ടെ. അതിനുമുമ്പ് വിമർശനത്തിന്റെ വാളുമായി ചാടിയിറങ്ങേണ്ട കാര്യമില്ല. ഡിജിറ്റൽ മാദ്ധ്യമങ്ങൾ നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാകാൻ പാടില്ലെന്നു ശഠിക്കരുത്. അത്തരത്തിലൊരു വാദം ഏകപക്ഷീയം തന്നെയാണ്. അരുതാത്തതൊക്കെ നിയന്ത്രിക്കപ്പെടുകതന്നെ വേണം.