തിരുവനന്തപുരം:നഗരസഭാ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം തുടങ്ങിയിട്ടും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാവാതെ മുന്നണികൾ. തർക്കം കൂടുതലുള്ള കോൺഗ്രസിലാണ് കൂടുതൽ സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനുള്ളത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സമവായമായിട്ടില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച വാർഡുകളിലൊക്കെ ഇടതുപക്ഷവും ബി.ജെ.പിയും പ്രചാരണത്തിൽ ആദ്യ റൗണ്ട് പൂർത്തിയാക്കി. നഗരസഭയിൽ മൂന്ന് ഘട്ടങ്ങളിലായി 78 സ്ഥാനാർത്ഥികളെയാണ് യു.ഡി.എഫ് ഇതുവരെ പ്രഖ്യാപിച്ചത്. ഇതിൽ രണ്ടെണ്ണം സി.എം.പി സ്ഥാനാർത്ഥികളാണ്.ഇടവക്കോട് അടക്കമുള്ള വാർഡുകളിൽ പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ഇവിടെ ഡി.സി.സി അംഗം ചേന്തി അനിലിനെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. പലയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അതൃപ്തി കോൺഗ്രസിൽ പുകയുകയാണ്. ചിലർ പാർട്ടി വിട്ടു. രാജിഭീഷണി മുഴക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ ഗ്രൂപ്പ് തർക്കവും രൂക്ഷമാണ്. യൂത്ത് കോൺഗ്രസ് ഡി.സി.സി നേതൃത്വത്തിന് നൽകിയ 20ഓളം പേരടങ്ങുന്ന പട്ടികയിലെ ഭൂരിഭാഗം പേരെയും തഴഞ്ഞതിലും പ്രവർത്തകർക്ക് അമർഷമുണ്ട്. അതിനിടെ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ കാലടി വാർഡിലെ പാർട്ടി സ്ഥാനാർത്ഥിയെ പിൻവലിച്ച് കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് സീറ്റ് നൽകിയതിന്റെ അമർഷം സി.പി.എം പ്രവർത്തകർക്കിടയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല.
പൂജപ്പുരയിൽ ബി.ജെ.പിക്ക് മുതിർന്ന നേതാവ്
മേയറാകാൻ സാദ്ധ്യതയുള്ളവരെയാകും പൂജപ്പുര വാർഡിൽ ബി.ജെ.പി മത്സരിപ്പിക്കുക എന്ന് സൂചനയുണ്ട്. മുതിർന്ന നേതാക്കളിൽ ആരെങ്കിലുമാവും ഇവിടെ രംഗത്തിറക്കുക. പാർട്ടി മുൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ ഭാര്യയെ ഇവിടെ മത്സരിപ്പിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. ഘടകകക്ഷികൾക്ക് നൽകിയതുൾപ്പെടെ പത്തോളം വാർഡുകളിൽ എൻ.ഡി.എ ഇനിയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായിട്ടില്ല.