covid-test

തിരുവനന്തപുരം: കൊവിഡ് ഭേദമായവരിൽ പ്രകടമാവുന്ന രോഗങ്ങൾ ചികിത്സിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകൾ തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലുമാണ് ഇവയുടെ പ്രവർത്തനമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

പ്രദേശത്തെ കൊവിഡ് മുക്തരുടെ പട്ടിക തയാറാക്കി ചികിത്സ ഉറപ്പു വരുത്തും. പോസ്റ്റ് കോവിഡ് സിൻഡ്രോമിനെ ഫലപ്രദമായി നേരിടുന്നതിനാണ് ഈ സംവിധാനം. കൊവിഡ് മുക്തരെ മാസത്തിൽ ഒരു തവണയെങ്കിലും ഈ ക്ളിനിക്കുകളിലൂടെയോ ഇ സഞ്ജീവനി ടെലിമെഡിസിൻ വഴിയോ ടെലിഫോൺ മുഖേനയോ ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശം നൽകും. രോഗികളെ ക്ലിനിക്കുകളിൽ എത്തിക്കേണ്ട ചുമതല ആശാ വർക്കർമാർക്കാണ്.

താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പോസ്റ്റ് കൊവിഡ് റഫറൽ ക്ലിനിക്കുകളും ആരംഭിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം ലഭിക്കും.