തിരുവനന്തപുരം: അഖിലേന്ത്യാതലത്തിൽ ബാങ്ക് ജീവനക്കാർക്ക് ശരാശരി പതിനഞ്ചു ശതമാനം ശമ്പള വർദ്ധന ലഭിക്കും. വനിതാ ജീവനക്കാർക്ക് പ്രസവത്തിൽ ഇരട്ടക്കുട്ടികളാണെങ്കിൽ 8 മാസത്തെ പ്രസവാവധിയും ചെറിയ കുട്ടികൾക്ക് സുഖമില്ലെങ്കിൽ സിക്ക് ലീവും ലഭിക്കും. രാജ്യമൊട്ടാകെ ഒറ്റനിരക്കിൽ ഉയർന്ന വീട്ടുവാടക ബത്ത, ഒമ്പതാമത് സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ്, ലോഡ്ജിംഗ് അലവൻസ്, ട്രാൻസ്‌പോർട്ട് അലവൻസിന് ക്ഷാമബത്ത എന്നിവയും ലഭിക്കും.
29 ബാങ്കുകളുടെ ഉടമകൾ അംഗങ്ങളായ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസും മുംബയിൽ ബുധനാഴ്ച ഒപ്പുവച്ച പതിനൊന്നാം ഉഭയകക്ഷി കരാർ പ്രകാരമാണിത്. ബാങ്ക് ജീവനക്കാർക്ക് 3385 കോടി രൂപയുടെ ആനുകൂല്യവും ഓഫീസർമാർക്ക് 4513 കോടി രൂപയുടെ വർദ്ധനയും ലഭിക്കും. 2017 നവംബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ അഞ്ചുവർഷത്തേക്കാണ് കരാർ. അതുവരെയുള്ള തുക ജീവനക്കാർക്ക് പണമായി നൽകും.
മരിച്ച ബാങ്ക് ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് ലഭ്യമായിരുന്ന തുച്ഛമായ കുടുംബപെൻഷൻ മുപ്പതു ശതമാനത്തിലേക്കു വർദ്ധിപ്പിക്കാൻ തത്വത്തിൽ തീരുമാനിച്ചു. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി വേണം.
ഹിൽ അലവൻസ്
3000 മീറ്റർ ഉയരത്തിലുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് ശമ്പളത്തിന് 8 ശതമാനവും (പ്രതിമാസം പരമാവധി 2250 രൂപ ) 1500 മുതൽ 3000 വരെ നാല് ശതമാനവും (പരമാവധി 900) 1000 മുതൽ 1500 മീറ്റർവരെയുള്ള സ്ഥലങ്ങളിൽ 3 ശതമാനവും (പരമാവധി 750) ഹിൽ അലവൻസ് ലഭിക്കും.
പെൻഷൻ കണക്കാക്കാൻ 2017 നവംബറിൽ അവസാനിക്കുന്ന പത്ത് മാസത്തെ ശമ്പളത്തിന്റെ ശരാശരി മാനദണ്ഡമാക്കും.
പി.എഫ് പെൻഷനിലേക്ക് ജീവനക്കാരുടെ ശമ്പളത്തിന്റെ പത്ത് ശതമാനം പിടിക്കുന്നത് തുടരും.പുതിയ പെൻഷൻ സ്കീമിലുള്ളവരുടെ പത്ത് ശതമാനം ശമ്പളത്തിൽ നിന്ന് പിടിക്കുമ്പോൾ14 ശതമാനം ബാങ്ക് വിഹിതം നൽകും.