suiciede

ഉദുമ: സ്വയം തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദുമ മേൽബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി.കെ. ശ്രീജ(20)യാണ് വൈകിട്ട് മരിച്ചത്. ഇതേ തുടർന്ന് സുജിത്കുമാറിന്റെ അമ്മ സരോജിനിക്കെതിരെ മേൽപ്പറമ്പ് പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഭർതൃവീട്ടിൽ വച്ച് ശ്രീജ പെയിന്റിന് ഉപയോഗിക്കുന്ന ടിന്നർ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.

70 ശതമാനം പൊള്ളലേറ്റ ശ്രീജ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കാസർകോട് മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തി മരണമൊഴി രേഖപ്പെടുത്തിയിരുന്നു. കാറഡുക്ക മാളങ്കൈ അറളടുക്കയിലെ മഞ്ജുനാഥന്റെയും ശോഭനയുടെയും മകളായ ശ്രീജ സുജിത് കുമാറുമായി പ്രണയത്തിലാകുകയും 2019 ഒക്ടോബർ 23 ന് വിവാഹിതരാകുകയുമായിരുന്നു. വീട്ടിൽ വച്ച് ഭർത്താവിന്റെ അമ്മയിൽ നിന്ന് ശ്രീജക്ക് നിരന്തരമായി ഉപദ്രവമേൽക്കേണ്ടിവന്നതായി മേൽപറമ്പ് സി.ഐ. ബെന്നിലാലു പറഞ്ഞു. സരോജിനിക്കെതിരെ ആദ്യം ഗാർഹിക പീഡനത്തിനാണ് കേസെടുത്തിരുന്നത്. മരണം സംഭവിച്ചതോടെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്. ശ്രീജയുടെ സഹോദരങ്ങൾ: മേഘ, ആകാശ്.