local-body-election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളും പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭ്യർത്ഥിച്ചു.തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടാനിടയുണ്ടെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കഴിഞ്ഞിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാദ്ധ്യതയുണ്ട്.

വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങൾ, ആൾക്കൂട്ടം, മുഖാമുഖം സമ്പർക്കമുണ്ടാകുന്ന അവസരം എന്നീ സാഹചര്യങ്ങളിലാണ് കൂടുതൽ രോഗവ്യാപനം നടക്കുന്നത്. കൊവിഡ് വന്നുപോകട്ടെയെന്ന് ചിന്തിക്കരുത്. രോഗമുക്തിക്ക് ശേഷമുള്ള പോസ്റ്റ് കൊവിഡ് സിൻഡ്രോം വലിയ ആരോഗ്യ പ്രശ്നമായി മാറുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട

കാര്യങ്ങൾ

1. ഭവന സന്ദർശനത്തിനുള്ള ടീമിൽ സ്ഥാനാർത്ഥി ഉൾപ്പെടെ പരമാവധി 5 പേർ
2. വീടിന് പുറത്ത് നിന്നു വോട്ടഭ്യർത്ഥിക്കണം.
3. വീട്ടിലുള്ളവരും സ്ഥാനാർത്ഥിയും ടീമംഗങ്ങളും മാസ്‌ക് ധരിക്കണം
4. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്.
5. വീട്ടുകാർക്കോ മറ്റുള്ളവർക്കോ ഷേക്ക് ഹാൻഡ് നൽകരുത്.
6. നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തണം.
7. നോട്ടീസുകളോ മറ്റോ വാങ്ങിയാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകണം
8. വയോജനങ്ങൾ,ഗർഭിണികൾ എന്നിവരുമായി അടുത്തിടപഴകരുത്.
9. കുട്ടികളെ എടുക്കരുത്.
10. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പ്രചാരണത്തിനിറങ്ങരുത്.