eee

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏ‍ർപ്പെടുത്തിയതോടെ പെട്ടുപോയത് ചില പ്രദേശിക നേതാക്കന്മാരാണ്. ഒരു വാർഡ് സ്ഥിരമായി കൈയടക്കാനോ തുടർച്ചയായി ജനപ്രതിനിധിയായതിന്റെ ജൂബിലിയോ ആഘോഷിക്കാൻ പറ്റില്ല. പിന്നെ ചെയ്യാൻ പറ്റുന്ന കാര്യം സീറ്റ് കുടുംബത്തിനു പുറത്തുപോകാതെ നോക്കാമെന്നതാണ്. അങ്ങനെയാണ് നേതാവിന് കിട്ടേണ്ട സീറ്റ് ഭാര്യയ്ക്ക് ' ഇഷ്ടദാനം ' കൊടുക്കുന്നത്. അതാകുമ്പോൾ അടുത്ത അഞ്ചുവർഷം കഴിയുമ്പോൾ സുരക്ഷിതമായി തിരിച്ചുകിട്ടും. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ഭാര്യമാർ മത്സരിക്കുന്നുണ്ട്. ഇങ്ങനെ ഭാര്യമാരെ രംഗത്തിറക്കുമ്പോൾ സ്വാഭാവികമായും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകൾ കലിപ്പുണ്ടാക്കും. നഗരസഭയുടെ ഒരു തീരദേശ വാർഡിൽ നേതാവിന്റെ ഭാര്യ എന്ന ലേബൽ മാത്രം നോക്കി ഒരു വനിതയെ സ്ഥാനാർത്ഥിയാക്കിയത് ഭരണപക്ഷ പാർട്ടിയിലെ വനിതാ നേതാവിന് പിടിച്ചിട്ടില്ല. ഒരു വാർഡ് വനിതാ സംവരണമാകുമ്പോൾ തൊട്ടപ്പുറത്തെ വാ‌ർഡിലേക്ക് ചാടുന്ന നേതാക്കന്മാർ എല്ലാ പാർട്ടിയിലുമുണ്ട്. ഒരു വാർഡിൽ കഴിഞ്ഞ തവണ ദേശീയ പാർട്ടിയിലെ നേതാവ് ഇതുപോലെ അപ്പുറത്തേക്കു ചാടി. അഞ്ചുവർഷം കഴിയുമ്പോൾ ഇപ്പുറത്തു നിന്നും മത്സരിക്കുന്നതിനായി ഭാര്യയെ നിറുത്തി. കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല,​ ഉത്തരത്തിലിരിക്കുന്നത് കിട്ടുകയും വേണം എന്നതായിരുന്നു മനസിലിരിപ്പ്. പക്ഷേ​ ഭാര്യ പരാജയപ്പെട്ടു. അപ്പുറത്തുപോയ ഭർത്താവ് ജയിച്ചു. ഇത്തവണ ഭാര്യ തോറ്റ വാർഡ് തിരികെപിടിക്കാനുള്ള ദൗത്യമാണ് ഭർത്താവിനുള്ളത്. ഭാര്യ മത്സരിക്കുമ്പോൾ ജയിക്കുകയും ഭർത്താവ് അതേ വാർഡിൽ മത്സരിക്കുമ്പോൾ ജനം തോല്പിക്കുകയും ചെയ്യുന്നത് കോർപറേഷനിലെ ഒരു വാർഡിലാണ്. ഇത്തവണ അവിടെ അങ്കം കുറിച്ചിരിക്കുന്നത് ഭർത്താവാണ്. ചരിത്രം ആവർത്തിക്കുമോ എന്തോ?​. ഒരു പ്രതീക്ഷയുമില്ലാതെയാണ് പാർട്ടി നേതാവ് സ്വന്തം വാർഡിൽ ഭാര്യയെ നിറുത്തി മത്സരിപ്പിച്ചത്. ആ പഞ്ചായത്തിലെ 20 സീറ്റിൽ ഈ നേതാവിന്റെ പാർട്ടിക്ക് കിട്ടിയിരുന്നത് ഒരു സീറ്റാണ്. പക്ഷേ,​ കഴിഞ്ഞ തവണ ആ പാർട്ടിക്ക് ഭൂരിപക്ഷം. ടി നേതാവിന്റ ഭാര്യ ജയിച്ചെന്നു മാത്രമല്ല പഞ്ചായത്ത് പ്രസിഡന്റുമായി. ഇത്തവണ അവിടെ മത്സരിക്കുന്നത് പ്രസിഡന്റിന്റെ ഭർത്താവാണ്.