നെടുമങ്ങാട് : ചുവപ്പിനെ മാത്രം പ്രണയിച്ച് പരിചയമുള്ള കരകുളം ജില്ലാ ഡിവിഷനിൽ ഇത്തവണ തീ പാറും പോരാട്ടം. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ ഒരിക്കൽ പോലും ഇടതിനെ കൈയൊഴിയാത്ത ഡിവിഷൻ പിടിച്ചെടുക്കാൻ കോൺഗ്രസിന്റെ മുൻ ബ്ലോക്ക് പ്രസിഡന്റ് തേക്കട അനിലിനെ യു.ഡി.എഫും ബി.ജെ.പി ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാറിനെ എൻ.ഡി.എ മുന്നണിയും കളത്തിലിറക്കിയപ്പോൾ, സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയംഗവും തേക്കട എൽ.സി സെക്രട്ടറിയുമായ അഡ്വ. കെ.വി. ശ്രീകാന്തിനെയാണ് ഡിവിഷൻ നിലനിറുത്തുക എന്ന ദൗത്യം എൽ.ഡി.എഫ് ഏല്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ശ്രീകാന്ത് കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. അഡ്വ. തേക്കട അനിൽകുമാർ ഡി.സി.സി ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, നെടുമങ്ങാട് സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കല്ലയം വിജയകുമാർ 45 വർഷമായി ആർ.എസ്.എസ് സജീവ പ്രവർത്തകൻ, ബി.ജെ.പി ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ്, കരകുളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എന്നീനിലകൾ വഹിച്ചിരുന്നു.

ചരിത്രം

കരകുളം ഗ്രാമപഞ്ചായത്തിലെ 20 ഉം വെമ്പായം ഗ്രാമപഞ്ചായത്തിലെ 21 ഉം പനവൂർ ഗ്രാമപഞ്ചായത്തിലെ 3 ഉം വാർഡുകൾ ഉൾക്കൊള്ളുന്നതാണ് കരകുളം ഡിവിഷൻ. കാൽ നൂറ്റാണ്ടിന്റെ വിജയ ചരിത്രത്തിൽ 3,888 വോട്ടിന്റെ മികച്ച ഭൂരിപക്ഷം സമ്മാനിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഉഷാകുമാരി തിരഞ്ഞെടുക്കപ്പെട്ടത്. അഭിമാന വിജയത്തിലും വെമ്പായം പഞ്ചായത്തിൽ 217 ഉം പനവൂരിൽ 17 ഉം വോട്ടുകൾക്ക് പിന്നിൽ പോയത് ഇടത് കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കിയിരുന്നു. കരകുളം പഞ്ചായത്ത് നൽകിയ വമ്പൻ ഭൂരിപക്ഷം മാത്രമായിരുന്നു അന്ന് ഉഷാകുമാരിയെ തുണച്ചത്. വെമ്പായവും പനവൂരും എൽ.ഡി.എഫ് ഭരിക്കുമ്പോൾ വോട്ട് ചോർച്ചയെപ്പറ്റി എൽ.ഡി.എഫിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഈ സാദ്ധ്യതയാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമാക്കുന്നത്. എൽ.ഡി.എഫിലെ വിഴുപ്പലക്കൽ അവസാനിപ്പിച്ച് ഒരേമനസോടെ രംഗത്തിറങ്ങാൻ സി.പി.എം മുൻകൈ എടുത്തിട്ടുണ്ട്.