medi

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15%സീ​റ്റിലേക്ക് രാജ്യത്ത് എവിടെനിന്നുള്ളവർക്കും ജന്മസ്ഥലം പരിഗണിക്കാതെ പ്രവേശനത്തിന് സർക്കാർ അനുമതി നൽകിയതോടെ, വീണ്ടും വൻ കോഴയിടപാടിന് കളമൊരുങ്ങി. 225-250 എം.ബി.ബി.എസ്

സീ​റ്റുകൾ അന്യസംസ്ഥാനക്കാർക്കായി നീക്കിവയ്ക്കുന്നത് കേരളീയരായ വിദ്യാർത്ഥികളുടെ പ്രവേശന സാദ്ധ്യതയെയും ബാധിക്കും.

രാജ്യത്തെവിടെയും പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിക്കാട്ടിയാണ്, അന്യസംസ്ഥാന വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശനത്തിന് സ്വാശ്രയ മാനേജ്മെന്റുകൾ സുപ്രീംകോടതിയിൽ നിന്ന് ഉത്തരവ് നേടിയത്. അതേസമയം, നിശ്ചിത ശതമാനം സീറ്റുകൾ നീക്കിവയ്ക്കാൻ കോടതി ഉത്തരവിലുണ്ടായിരുന്നില്ല.

എൻ.ആർ.ഐ ക്വാട്ടയിലടക്കം 100 ശതമാനം സീറ്റുകളിലും നീറ്റ് മെരിറ്റിൽ പ്രവേശനം നടത്തി 'കച്ചവടം പൂട്ടിച്ചതോടെ' സ്വാശ്രയലോബി ഇറക്കിയ തുറുപ്പുചീട്ടാണിത്. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിൽ നേരത്തേ നടന്നിരുന്ന 1500 കോടിയുടെ കോഴയിടപാട് നീറ്റ് വന്നതോടെ നിലച്ചു. മാനേജ്മെന്റ് ക്വാട്ടയിൽ ഒന്നരക്കോടിയും എൻ.ആർ.ഐയിൽ രണ്ടു കോടിയും വാങ്ങി സ്വന്തമായി പ്രവേശനം നടത്തിയിരുന്നവർ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച 6.22 ലക്ഷം മുതൽ 7.65 ലക്ഷം വരെയുള്ള ഫീസു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കേരളത്തിൽ മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസായതിനാൽ, അന്യസംസ്ഥാനങ്ങളിൽ ഏജന്റുമാരെ നിയോഗിച്ച് പണപ്പിരിവാണ് ലക്ഷ്യം. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് കിട്ടിയാൽ തലവരി ഏജന്റിന് കൈമാറണമെന്ന് രക്ഷിതാക്കളുമായി ധാരണയുണ്ടാക്കും. കർണാടകത്തിൽ നിലവിൽ സമാനമായ ഇടപാടാണ് നടക്കുന്നത്.

കോളേജുകൾ നഷ്ടത്തിലാണെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ചൂണ്ടിക്കാട്ടി കോളേജുകൾ എയ്ഡഡാക്കാനും, സർക്കാരിന് വിൽക്കാനും സ്വാശ്രയലോബി ശ്രമിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽകോളേജ് ഇ.എസ്.ഐ കോർപറേഷനിൽ നിന്ന് ഏറ്റെടുത്ത മാതൃകയിൽ സ്വാശ്രയ കോളേജുകൾ ഏറ്റെടുക്കണമെന്ന് അസോസിയേഷൻ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. കോളേജും ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും സർക്കാരിന് വിൽക്കാനും ശ്രമിച്ചിരുന്നു. കൊവിഡ് വന്നതോടെ ചികിത്സയിനത്തിലെ വരുമാനം നിലച്ച കോളേജുകൾക്ക് കീശനിറയ്ക്കാനുള്ള വഴിയാണ് അന്യസംസ്ഥാന കുട്ടികളുടെ പ്രവേശനം. കേരളീയരായ വിദ്യാർത്ഥികളുടെ ഫീസേ അന്യസംസ്ഥാനക്കാരിൽ നിന്നീടാക്കൂ എന്ന് മാനേജ്മെന്റുകൾ പറയുന്നെങ്കിലും, ഏജന്റുമാരെ വച്ച്

കോഴപ്പണം പിരിക്കും.

വളഞ്ഞവഴിയിൽ

അന്യസംസ്ഥാനക്കാർ

@തിരുവനന്തപുരത്തെ ഒരു കോളേജിന് തമിഴ്നാട്, ആന്ധ്രാപ്രദേശ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

@കോളേജ് മാനേജ്മെന്റിന് ഈ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടെന്നും സമുദായാംഗങ്ങൾ അവിടങ്ങളിൽ വ്യാപിച്ചുകിടക്കുകയാണെന്നും മാനേജ്മെന്റിലെ പ്രമുഖന്റെ ആസ്ഥാനം ചെന്നൈയാണെന്നുമാണ് കാരണം പറഞ്ഞത്.

60കോടി

മെഡിക്കൽകോളേജ് നടത്തിപ്പിന് പ്രതിവർഷ ചെലവ്

10കോടി

ആശുപത്രിയിൽ നിന്നുള്ള വരുമാനം കൊവിഡ് കാരണം നിലച്ചു