തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർകസ്റ്റംസ് വിഭാഗം പിടികൂടി.
ബുധനാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടിച്ചത്. തൂത്തുക്കുടി സ്വദേശികളായ റഹ്മാൻ(41)അബ്ദുൾ ഫൈസിൻ(26) എന്നിവർ 800 ഗ്രാം തൂക്കം വരുന്ന സ്വർണം കാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വിമാനത്തിൽ നിന്നും പുറത്തെത്തിയ യാത്രക്കാരെ സി.സി ടിവി കാമറകളിലൂടെ നിരീക്ഷിക്കുന്നതിനിടെ ഇവരുടെ നടത്തത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.പിന്നാലെ, എമിഗ്രഷൻ പരിശോധന കഴിഞ്ഞ് പുറത്തേക്ക് വന്ന ഇവരുടെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ സ്ഥിരമായി വിദേശ യാത്ര ചെയ്യുന്ന സംഘത്തിൽപ്പെട്ടതാണെന്ന് മനസിലായി. വിശദ ചോദ്യം ചെയ്യലിലാണ് സ്വർണം ഒളിപ്പിച്ച വിവരം ഇവർ പറഞ്ഞത്.