bala

ഡ്രൈവർ പറഞ്ഞതും സോബി പറഞ്ഞതും കളവെന്ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടക്കേസിൽ, ദുരൂഹതകൾ നീക്കാൻ നടത്തിയ നുണപരിശോധനയുടെ ഫലം സി.ബി.ഐക്ക് ലഭിച്ചു. ലഭിച്ചത് ചില സൂചനകൾ മാത്രമാണെന്നും, അന്തിമ നിഗമനത്തിലെത്താൻ ഡിസംബർ അവസാനം വരെ കാത്തിരിക്കണമെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.

സുപ്രധാന വിവരങ്ങൾ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. അപകടസമയത്ത് കാറോടിച്ചത് ആരാണെന്നതിലടക്കം നിഗമനത്തിലെത്താറായിട്ടില്ല. ചെന്നൈ, ഡൽഹി ഫോറൻസിക് ലാബുകളിലെ വിദഗ്ദ്ധസംഘമാണ് നുണപരിശോധന നടത്തിയത്. അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതിയെ കണ്ടെന്നും, അപകടത്തിന് മുൻപ് കാർ ആക്രമിക്കപ്പെട്ടെന്നുമുള്ള കലാഭവൻ സോബിയുടെയും കാറോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവർ അർജുനന്റെയും മൊഴികൾ കളവാണെന്നാണ് നുണപരിശോധനാ ഫലത്തിലെ സൂചന. കൂടുതൽ ശാസ്ത്രീയ പരിശോധനയിലൂടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ.

അതേസമയം, അപകടസ്ഥലത്ത് കണ്ടതായി സോബി വെളിപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി റൂബൻ തോമസ് ആ സമയത്ത് ബംഗളൂരുവിലാണെന്ന് സി.ബി.ഐ കണ്ടെത്തി. റൂബൻ ഉണ്ടായിരുന്ന സ്ഥലമടക്കം തിരിച്ചറിഞ്ഞു. ഏതാനും വർഷം മുൻപ് ഡി.ആർ.ഐ പിടികൂടിയ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് റൂബൻ.

ഏറ്റവും സംശയകരമായ കാര്യങ്ങളെക്കുറിച്ചാണ് ഇനിയുള്ള അന്വേഷണം.

ബാലുവിന്റെ മരണത്തിനുശേഷം ട്രൂപ്പിന്റെ മാനേജർമാരടക്കം സ്വ‌ർണക്കടത്തിലേക്ക് തിരിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 2019മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്​റ്റ് അബ്ദുൾ ജമീലും പ്രതികളാണ്. ഏഴു മാസങ്ങളിലായി പ്രകാശൻതമ്പി ഏഴു തവണയും വിഷ്ണു സോമസുന്ദർ 10തവണയും ദുബായിലേക്ക് പറന്നിട്ടുണ്ട്. ഇരുവരും ചേർന്ന് 210കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആ‌ർ.ഐ കണ്ടെത്തിയത്. ഇവർ വിദേശയാത്ര നടത്തിയ ദിവസങ്ങളിൽ സ്വർണം കൊണ്ടുവരാനുള്ള കാരിയർമാരും വിമാനയാത്ര ചെയ്തിട്ടുണ്ട്. അതിനാൽ ഈ യാത്രകൾ സ്വർണക്കടത്തിനാണെന്ന് ഡി.ആർ.ഐ ഉറപ്പിച്ചിട്ടുണ്ട്.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപം 2018 സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേ​റ്റു.