തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക് ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കോർപറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് നഗരത്തിന്റെ വികസന മുരടിപ്പിന് ഇടയാക്കിയത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു അവസരം ലഭിച്ചാൽ വാരണാസിയെപ്പോലെ തലസ്ഥാനത്തെയും രാജ്യത്തിന്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് സുരേന്ദ്രൻ നഗരത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കവെ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വലിയ അഴിമതികളാണ് അഞ്ചുവർഷമായി നടത്തുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പിയെ തടയാൻ കോൺഗ്രസും സി.പി.എമ്മും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. എന്നാൽ നഗരത്തിന്റെ വികസനത്തിനുവേണ്ടി ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കും. വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകും. ഇതിന് തുരങ്കം വയ്ക്കാനുള്ള ഇരുമുന്നണികളുടെയും ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.