തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ സംഭവ സമയത്തെ സി.സി ടി.വി ദൃശ്യങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്നിലാണ് റിപ്പോർട്ട് ഫയൽ ചെയ്തത്.
സി.സി ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ തൊണ്ടിമുതലായി കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നതായി പറയുന്നു. പ്രതികൾ സി.സി ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹർജി നൽകിയപ്പോൾ നൽകുന്നതിന് തടസ്സമില്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് നൽകാനായി രേഖകൾ പരിശോധിച്ചപ്പോഴാണ് ഡി.വി.ആർ തൊണ്ടിമുതലുകളുടെ പട്ടികയിൽ ഉൾപ്പെട്ട കാര്യം വ്യക്തമായത്. ചട്ട പ്രകാരം പ്രതികൾ തൊണ്ടിമുതലുകളുടെ പകർപ്പിന് അർഹരല്ല. ഈ സാങ്കേതിക പിഴവ് പരിഹരിച്ച് പ്രതികൾക്ക് ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ മാത്രമേ കേസ് വിചാരണ ആരംഭിക്കാൻ കഴിയൂ. സാങ്കേതിക പിഴവ് പരിശോധിക്കാൻ കേസ് കോടതി അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കും.
അമിതമായി മദ്യപിച്ചിരുന്ന എെ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സുഹൃത്ത് വഫയുമൊത്ത് അമിത വേഗതയിൽ ഓടിച്ചു വന്ന കാറിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. പ്രതികൾക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ആയിരുന്നു സംഭവം.