iranian-gang-arrest

തിരുവനന്തപുരം: കൺകെട്ട് വിദ്യ പ്രയോഗിച്ച് ബാങ്കുകളും വിദേശനാണ്യ വിനിമയ കേന്ദ്രങ്ങളും കൊള്ളയടിക്കുന്ന നാല് ഇറാൻ പൗരന്മാർ തലസ്ഥാനത്ത് അറസ്റ്റിലായി. ഡൽഹിയിൽ നിന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിൽ എത്തി, സെക്രട്ടേറിയ​റ്റിന് സമീപത്തെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ഇയ്‌നെല്ലാഹ് (40), ദാവൂദ് (23), മെഹ്സിൻ (45), മജീദ് (32), എന്നിവരാണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിലെത്തി പല സ്ഥലങ്ങളിൽ വിദേശ കറൻസിയും രൂപയും കൊള്ളയടിച്ച 24അംഗ സംഘത്തിലെ കണ്ണികളാണിവർ. വിദേശകറൻസി വിനിമയം ചെയ്യുന്ന പോസ്റ്റാഫീസുകളിലും മണി എക്‌സേഞ്ച് ഷോറൂമുകളിലും ഡോളർ മാറാനെന്ന വ്യാജേന നോട്ടുകെട്ടുകൾ കൈയിൽ വാങ്ങിയശേഷം കൈയടക്കവും കൺകെട്ട് വിദ്യയും ഉപയോഗിച്ച് ജീവനക്കാരുടെ ശ്രദ്ധ മാറ്റി കടക്കുന്നതാണ് രീതി. കഴിഞ്ഞ മാസം പുതുച്ചേരിയിൽ ഒരു പോസ്റ്റോഫീസിൽ വിദേശികൾ ഇങ്ങനെ മോഷണം നടത്തിയിരുന്നു. തിരുവനന്തപുരം സിറ്റിയിലും നടക്കാമെന്ന രഹസ്യ വിവരത്തെ തുടർന്ന് വിദേശികൾ താമസിക്കുന്ന ഹോട്ടലുകളിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.ചേർത്തലയിലടക്കം മോഷണം നടത്തിയെന്നും തിരുവനന്തപുരത്ത് കൊള്ളയ്‌ക്ക് തയ്യാറെടുപ്പിലായിരുന്നെന്നും ചോദ്യംചെയ്യലിൽ ഇവർ വെളിപ്പെടുത്തി. ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നേപ്പാളിലെ കൊള്ളയുടെ വിവരങ്ങളും കിട്ടി. അരലക്ഷം രൂപയും പിടിച്ചെടുത്തു. ചേർത്തലയിൽ 38,​000 രൂപയാണ് മോഷ്ടിച്ചത്.

കന്റോൺമെന്റ് എസ്.എച്ച്.ഒ ഷാഫി, എസ്.ഐ സന്തോഷ് കുമാർ, എസ്.സി.പി.ഒ മണികണ്ഠൻ, സി.പി.ഒ​മാരായ അശോക് കുമാർ, സനിൽകുമാർ, സജാദ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.

 പിടിച്ചത് ഇങ്ങനെ

ബുധനാഴ്ച വെളുപ്പിന് മുറിയെടുക്കാനെത്തിയ സംഘത്തിലെ ഇയ്‌നൊല്ലാഹിന്റെയും മജീദിന്റെയും വീസ കാലാവധി തീർന്നിരുന്നു. പുതുക്കാൻ അപേക്ഷ നൽകിയെന്നും ഉച്ചയ്ക്കുശേഷം കിട്ടുമെന്നുമാണ് ഇവർ പറഞ്ഞത്. മുറി നൽകിയെങ്കിലും ഹോട്ടലുകാർ പൊലീസിനെ അറിയിച്ചു. എസ്‌. ഐ സന്തോഷ് കുമാർ ഫോറിനേഴ്സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഇവർ പറഞ്ഞത് ശരിയാണെന്ന് വ്യക്തമായി. പെരുമാ​റ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരുടെ ഫോട്ടോയെടുത്ത് വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ചേർത്തല എസ്‌.ഐ ലയ്സാദ് മുഹമ്മദ് ഇവരെ തിരിച്ചറിഞ്ഞു. ചേർത്തലയിൽനിന്ന് 34,000 രൂപ കവർന്ന കേസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവർ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് ഇവരെ കന്റോൺമെന്റ് പൊലീസ് കസ്​റ്റഡിയിലെടുത്തു. പിന്നീട് ചേർത്തല പൊലീസിന് കൈമാറി.

 കൊള്ളയടിക്കാൻ കൺകെട്ട്

കൺകെട്ടിലൂടെ പണം അപഹരിക്കുന്ന വിരുതൻമാർ മഹാനഗരങ്ങളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഒരിടത്ത് കവർച്ച നടത്തിയാൽ മാസങ്ങളോളം അവിടേക്ക് പോകില്ല. ചേർത്തലയിലെ കടയിലെത്തിയ സംഘം വിദേശകറൻസി മാറാനുണ്ടെന്നും 2000 രൂപയുടെ നോട്ടുകൾ കാണിക്കാനും ആവശ്യപ്പെട്ടു. കടയുടമ ആദ്യം നൽകിയ നോട്ടിൽ പേന കൊണ്ട് എഴുതിയിട്ടുള്ളതിനാൽ വേറെ നോട്ട് ആവശ്യപ്പെട്ടു. പകരം നോട്ടു നൽകിയപ്പോൾ കൂടുതൽ നോട്ടുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. കടയുടമ മുപ്പതിലധികം നോട്ടുകൾ മേശപ്പുറത്ത് നിരത്തി. ഇതിൽ 19 നോട്ടുകൾ ഞൊടിയിടയിൽ ബാഗിലാക്കി സംഘം കടന്നു.