knife

വാടാനപ്പിള്ളി: കത്തി വീശി അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പടുവിങ്ങൽ വീട്ടിൽ ഉബൈദ് എന്ന് വിളിക്കുന്ന ശശിധരനാണ് പിടിയിലായത്. ചിലങ്ക പടിഞ്ഞാറ് വശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അബ്ദുൾ ഗഫൂറിനെയാണ് പ്രതി ആക്രമിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ശശിധരന്റെ വീടിനു പിറകുവശം എത്തിയപ്പോൾ ഗഫൂറിനെ അകാരണമായി അസഭ്യം പറഞ്ഞ് കഴുത്തിലേക്ക് കത്തി വീശുകയായിരുന്നു. തടയാൻ ശ്രമിച്ച ഗഫൂറിന് കത്തി കൊണ്ട് മുറിവേറ്റു. തുടർന്ന് ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. ബിജോയിയുടെ നിർദ്ദേശാനുസരണം എസ്.ഐമാരായ കെ.ജെ. ജിനേഷ്, ഗോപികുമാർ, സി.പി.ഒമാരായ ശരത്, സിനോയ്, വൈശാഖ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.