kozha

ഇ.ഡിയുടെ കണ്ടെത്തൽ ശരി വച്ച് വിജിലൻസും

തിരുവനന്തപുരം: സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ കൈക്കൂലിയാണെന്ന ഇ.ഡിയുടെ കണ്ടെത്തൽ ശരി വച്ച് വിജിലൻസും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്ക‌ർ ഇടപാടുകളെല്ലാം അറിഞ്ഞിരുന്നു. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്.

ആഗസ്റ്റ് രണ്ടിനാണ് 3.8 കോടി കോഴ കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഖാലിദിന് കരാർ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയത്. ഇതിൽ ഒരു കോടി രൂപയും ബാക്കി തുക ഡോളറുമായിരുന്നു. ഒരു കോടി രൂപ അഞ്ചിന് ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. പിറ്റേന്നു തന്നെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ സ്വപ്ന എസ്.ബി.ഐ ലോക്കറിൽ കുറേ പണം വച്ചു. അന്നു വൈകിട്ട് ഫെഡറൽ ബാങ്കിൽ ലോക്കർ ആരംഭിച്ച് ബാക്കി പണവും വച്ചെന്നും സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന സമാനമായ മൊഴിയാണ് നൽകിയത്.

യു.വി. ജോസിന്റെ മൊഴി വീണ്ടും

ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിന്റെ മൊഴി വിജിലൻസ് വീണ്ടും രേഖപ്പെടുത്തി. ഇന്നലെ ലൈഫ് മിഷൻ ഓഫിസിലെത്തിയാണ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ സംഘം മൊഴിയെടുത്തത്.പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ചെന്ന് ശിവശങ്കറാണ് അറിയിച്ചതെന്നും അവസാന ഘട്ടത്തിലാണ് ഫയൽ തന്റെ കൈയിലെത്തിയതെന്നും ജോസ് നേരത്തേ വിജിലൻസിന് മൊഴിനൽകിയിരുന്നു. യൂണിടാകിന്റെ പ്ലാൻ വന്ന ശേഷമാണ് നിർമ്മാണ കരാർ അവർക്കാണെന്ന് താനറിഞ്ഞത്. കരാറിന്റെ വിശദാംശങ്ങൾ തനിക്ക് നൽകിയില്ല. സി.ഇ.ഒയായ തന്നെപ്പോലും കരാർ വിവരങ്ങൾ അറിയിച്ചില്ല. യൂണിടാകിന് സഹായം നൽകാൻ ആവശ്യപ്പെട്ട് ശിവശങ്കർ തന്നെ വിളിച്ചിരുന്നു. ഹാബിറ്റാറ്റ് നേരത്തേ സമർപ്പിച്ച രൂപരേഖയിൽ നിന്ന് ചെറിയ വ്യത്യാസം മാത്രം വരുത്തിയ പ്ലാനാണ് യൂണിടാക് സമർപ്പിച്ചതെന്നും ജോസ് മൊഴി നൽകി.